നടിയും രാഷ്ട്രീയ പ്രവർത്തകയുമായ കിരൺ ഖേറിന് പിറന്നാൾ ആശംസിക്കുകയാണ് നടൻ അനുപം ഖേർ. കിരൺ ഖേറിന്റെ 65-ാം പിറന്നാളാണ് ഇന്ന്. ഭാര്യയുടെ അപൂർവ്വമായ ചില ചിത്രങ്ങളാണ് പിറന്നാൾ ദിനത്തിൽ അനുപം ഖേർ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

“എന്റെ പ്രിയപ്പെട്ടവൾക്ക്, ജന്മദിനാശംസകൾ. ലോകത്തെ എല്ലാ സന്തോഷവും നിനക്ക് ഈശ്വരൻ നൽകട്ടെ. ദീർഘായുസ്സും ആരോഗ്യവുമുള്ള ഒരു ജീവിതം ആശംസിക്കുന്നു. ഈ പിറന്നാൾ ദിനത്തിൽ നിനക്കൊപ്പം ഉണ്ടാവാൻ കഴിയാത്തതിന് സോറി. നിന്നെ ഞങ്ങൾ മിസ് ചെയ്യുന്നു, ഉടനെ തന്നെ കാണും,” അനുപം ഖേർ കുറിക്കുന്നു.

1985 ലാണ് കിരൺ ഖേറും അനുപം ഖേറും വിവാഹിതരാവുന്നത്. 1983 ൽ പുറത്തിറങ്ങിയ പഞ്ചാബി ചിത്രം ‘അസ്ര പ്യാർ ദാ’ എന്ന ചിത്രത്തിലൂടെയായിരുന്നു കിരൺ ഖേറിന്റെ അരങ്ങേറ്റം. തന്റെ ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയ കിരൺ മകൻ സിക്കന്ദർ ഖേറിനെ വളർത്തുവാനായി സിനിമകളിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. ആ സമയത്തും കിരൺ അനുപം ഖേറിന്റെ കൂടെ സിനിമയിൽ വസ്ത്രാലങ്കാരം ചെയ്യാറുണ്ടായിരുന്നു. ‘ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ’ എന്ന ചിത്രത്തിന് പേര് നിർദ്ദേശിച്ചതും കിരൺ ആണ്.

1998-ൽ പുറത്തിറങ്ങിയ പെസ്റ്റ്റോഞ്ജി (Pestonjee) എന്ന ഒരു സിനിമയിൽ മാത്രമേ കിരൺ അക്കാലത്ത് അഭിനയിക്കുകയുണ്ടായുള്ളൂ. അനുപം ഖേറും ഈ സിനിമയിൽ അഭിനയിച്ചിരുന്നു.

കിരണിന്റെ അഭിനയത്തിലേയ്ക്കുള്ള തിരിച്ച് വരവ് ‘സാൽഗിര’ എന്ന നാടകത്തിലൂടെയായിരുന്നു. തുടർന്ന് സീ ടി.വിയിൽ കിരൺ ‘പുരുഷേത്ര’ എന്ന പരിപാടിയുടെ അവതാരകയായി എത്തി. പുരുഷ ലൈംഗികതയേയും സ്ത്രീകളുടെ പ്രശ്നങ്ങളേയും ഒരേ സമയം ചർച്ചയ്ക്കെടുത്ത ഈ ടെലിവിഷൻ പരിപാടി കിരണിനെ ഏറെ പ്രശസ്തയാക്കി.

കരൺ അർജ്ജുൻ (1995) എന്ന സിനിമയിലൂടെയാണ് ബോളിവുഡ് സിനിമാലോകത്തേക്ക് കിരൺ മടങ്ങിയെത്തിയത്. 1996ൽ ശ്യാം ബെനഗലിന്റെ ‘സർദാരി ബീഗം’ (1996) എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റിയുടെ സ്പെഷ്യൽ ജൂറി പുരസ്കാരവും കിരണിനെ തേടിയെത്തി.

2000-ൽ പുറത്തിറങ്ങിയ ‘ബരിവാലി’ എന്ന ബംഗാളി ചലച്ചിത്രത്തിലെ അഭിനയത്തിനു ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിരുന്നു. ‘ദേവദാസ്’ (2002), ‘മേ ഹൂ നാ’ (2004), ‘ഹം തും’ (2004), ‘വീർസാര’ (2004), ‘രംഗ് ദേ ബസന്തി’ (2006) തുടങ്ങിയ ചിത്രങ്ങൾ കിരണിനെ ഏറെ പ്രശസ്തയാക്കിയ ചിത്രങ്ങളാണ്. 2014 മുതൽ ബിജെപി സ്ഥാനാർത്ഥിയായി ചണ്ഡിഗഡ് മണ്ഡലത്തിലെ ലോകസ്ഭാംഗമാണ്.

Read more: അനുപം ഖേർ ഒരു കോമാളിയാണ്; ഗൗരവമായി കാണേണ്ടതില്ല: നസറുദ്ദീൻ ഷാ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook