ഒരു നടൻ എന്ന നിലയിൽ മാത്രമല്ല, സാമൂഹിക വിഷയങ്ങളിലെ ഇടപെടൽ കൊണ്ടുകൂടി ബോളിവുഡിലെ വേറിട്ട ശബ്ദമാണ് നസറുദ്ദീൻ ഷാ. അടുത്തിടെ ദി വയറിന് നൽകിയ അഭിമുഖത്തിൽ പൗരത്വ ഭേദഗതി നിയമത്തിൽ (സി‌എ‌എ) ബോളിവുഡിന്റെ നിലപാടും കാലാകാലങ്ങളായി കലാരംഗത്തുണ്ടായിട്ടുള്ള പുരോഗമനങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നസറുദ്ദീൻ ഷാ മനസ് തുറന്നു.

സി‌എ‌എ വിരുദ്ധ പ്രക്ഷോഭത്തിനിടെ നടന്ന അക്രമത്തെക്കുറിച്ചുള്ള ബോളിവുഡ് താരം അനുപം ഖേറിന്റെ ട്വീറ്റുകളെക്കുറിച്ചും അഭിപ്രായ പ്രകടനങ്ങളെക്കുറിച്ചും നസറുദ്ദീൻ ഷാ സംസാരിച്ചു.

Read More: ദാമ്പത്യമേ അവസാനിച്ചിട്ടുള്ളൂ; ഞങ്ങൾ നല്ല സുഹൃത്തുക്കൾ: വിവാഹ മോചനത്തെ കുറിച്ച് ശ്വേത ബസു

“അനുപം ഖേറിനെ ഗൗരവമായി കാണേണ്ടതില്ല. അദ്ദേഹം ഒരു കോമാളിയാണ്. എഫ്‌ടി‌ഐ‌ഐ, എൻ‌എസ്‌ഡി എന്നിവിടങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ സമകാലികരോട് ചോദിച്ചാൽ മതി. കാര്യസാധ്യത്തിനായി സ്തുതി പാടുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് മനസിലാക്കാൻ കഴിയും. അത് അദ്ദേഹത്തിന്റെ രക്തത്തിലുള്ളതാണ്. അതിൽ ഒന്നും ചെയ്യാൻ അദ്ദേഹത്തിന് സാധിക്കില്ല,”നസറുദ്ദീൻ ഷാ പറഞ്ഞു.

സി‌എ‌എയ്‌ക്കെതിരെ നിലപാടെടുക്കുന്ന ചലച്ചിത്ര മേഖലയിൽനിന്നുള്ള വ്യക്തികളെക്കുറിച്ചും നസറുദ്ദീൻ ഷാ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. “അവർ വളരെ ധൈര്യശാലികളാണ്. അവർക്ക് നഷ്ടപ്പെടാൻ ഒരുപാടൊന്നുമില്ല. എന്നാൽ സിനിമാ മേഖലയിലെ പ്രമുഖർ എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നിരുന്നാലും, അവർക്ക് എത്രമാത്രം നഷ്ടപ്പെടാനുണ്ടെന്ന് ആശ്ചര്യം തോന്നുന്നു. അത് നിങ്ങളെ കൊല്ലുമോ?? ദീപികയെ പോലുള്ള പെൺകുട്ടിയുടെ ധൈര്യത്തെ നിങ്ങൾ പ്രശംസിക്കണം. ബോളിവുഡിന്റെ പ്രമുഖ നിരയിലായിരുന്നിട്ടും അവർ ധൈര്യത്തോടെ മുന്നോട്ടുവന്നു,” നസറുദ്ദീൻ ഷാ പറഞ്ഞു.

കുറച്ചുകാലമായി സിനിമാ വ്യവസായം തകർത്തുകൊണ്ടിരിക്കുന്ന ‘ദേശസ്നേഹ സിനിമകളുടെ’ സ്വഭാവത്തെക്കുറിച്ചും നസറുദ്ദീൻ ഷാ മനസ് തുറന്നു.

“ചലച്ചിത്ര വ്യവസായങ്ങൾ എല്ലായ്‌പ്പോഴും അധികാരത്തിലിരിക്കുന്നവരെ ആകർഷിക്കുന്നു. ചരിത്രം മാറ്റിയെഴുതാൻ സഹായിക്കുന്ന ഈ ചലച്ചിത്ര പ്രവർത്തകരിൽ, എത്രമാത്രം ബോധ്യമുണ്ടെന്ന് ഞാൻ ശരിക്കും അത്ഭുതപ്പെടുന്നു,” താരം പറഞ്ഞു

എഴുപതുകളിലെയും  ഇന്നത്തെ സിനിമകളെയും നസറുദ്ദീൻ ഷാ താരതമ്യം ചെയ്തു. “എഴുപതുകളിലെ സംവിധായകർ വഴിയൊരുക്കിയില്ലായിരുന്നെങ്കിൽ മസാൻ, ഗള്ളി ബോയ് അല്ലെങ്കിൽ അനുരാഗ് കശ്യപ് നിർമിക്കുന്ന തരത്തിലുള്ള സിനിമകൾ ഒന്നും ഇന്ന് സംഭവിക്കില്ലായിരുന്നു. ക്രാഫ്റ്റ് വച്ച് നോക്കുമ്പോൾ, ഇന്ന് നിർമ്മിക്കുന്ന ചെലവുകുറഞ്ഞ സിനിമകൾ എഴുപതുകളിൽ ഞങ്ങൾ നിർമ്മിച്ച സിനിമകളേക്കാൾ വളരെ മികച്ചതാണ്. എനിക്ക് ഈ അഭിനേതാക്കളോട് ശരിക്കും അസൂയ തോന്നുന്നുണ്ട്. അവരുടെ പ്രായത്തിൽ എനിക്കും ഇത്ര നല്ലൊരു നടനാകാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തെ സ്വതന്ത്ര ചിന്താഗതിക്കാരായ എല്ലാവരെയും ഒന്നിപ്പിച്ചു, തീർച്ചയായും അതിൽ നിന്ന് മഹത്തായ കല ഉയർന്നുവരും,” നസറുദ്ദീൻ ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook