“സ്വപ്രയത്നത്താൽ ജീവിതത്തിൽ ഉയർന്നു വന്ന വ്യക്തിയാണ് മോദി. രാജ്യത്തിന്റെ വികസനത്തിലേക്കുള്ള ഒരു റോഡ് മാപ്പ് തന്നെ അദ്ദേഹത്തിന്റെ കയ്യിലുണ്ടെന്ന് തോന്നാറുണ്ട്. എന്നാൽ, രാഹുൽ ആ തലത്തിലേക്ക് എത്തുന്നതേയുള്ളൂ. രാജ്യത്തിന്റെ ഭാവിയെ കുറിച്ച് തന്റെ വീക്ഷണമെന്തെന്നുപോലും ജനങ്ങളുമായി പങ്കുവെയ്ക്കാൻ ഇതു വരെ രാഹുൽഗാന്ധി തയ്യാറായിട്ടില്ല”, പ്രശസ്ത ബോളിവുഡ് താരം അനുപം ഖേർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയേയും എങ്ങനെ താരതമ്യം ചെയ്യുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു അനുപം ഖേറിന്റെ ഈ വിലയിരുത്തൽ.
ട്വിറ്ററിൽ തന്റെ ഫോളോവേഴ്സുമായുള്ള ഒരു ചോദ്യോത്തര പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് ഖേർ തന്റെ അഭിപ്രായം പങ്കു വെച്ചത്. ന്യൂയോർക്കിലേക്കുള്ള ഫ്ളൈറ്റ് യാത്രയ്ക്കിടയിലായിരുന്നു താരവും ഫോളോവേഴ്സും തമ്മിലുള്ള ഈ ചോദ്യോത്തര പരിപാടി.
ലണ്ടൻ കോൺഫറൻസ് കഴിഞ്ഞെത്തുന്ന രാഹുൽ ഗാന്ധിയ്ക്ക് എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകാനുണ്ടോ എന്നതായിരുന്നു മറ്റൊരു ട്വിറ്റർ ഫോളോവറുടെ ചോദ്യം. ” ദിൽ സേ ബോലോ മേരേ ദോസ്ത് (ഹൃദയം കൊണ്ട് സംസാരിക്കൂ സുഹൃത്തേ)” എന്നായിരുന്നു അനുപം ഖേറിന്റെ മറുപടി.
ഒരു പ്രധാനമന്ത്രിയെന്ന രീതിയിൽ മോദിയുടെ പ്രവർത്തനങ്ങൾ എങ്ങനെ വിലയിരുത്തുന്നു, രാജ്യം നേരിടുന്ന പ്രശ്നങ്ങളെ ശരിയായ രീതിയിലാണ് പ്രധാനമന്ത്രി സംബോധന ചെയ്യുന്നതെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ എന്നീ ചോദ്യങ്ങൾക്കുള്ള മറുപടി ഇതായിരുന്നു.
“പ്രധാനമന്ത്രി വളരെ ആത്മാർത്ഥതയോടെയാണ് നമ്മുടെ രാജ്യത്തിന്റെ അഭിവൃദ്ധിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നത്. എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. അദ്ദേഹത്തിന്റെ കഴിവിലും ഉദ്ദേശ്യങ്ങളിലും എനിക്ക് വിശ്വാസമുണ്ട്”.
തനിക്കേറെ ഇഷ്ടപ്പെട്ട പ്രധാനമന്ത്രിമാരുടെ ലിസ്റ്റിൽ മോദിയെ കൂടാതെ ലാൽ ബഹദൂർ ശാസ്ത്രിയും പി.വി നരസിംഹറാവുമാണ് ഉള്ളതെന്നും അനുപം ഖേർ പറഞ്ഞു. സ്‌തുത്യര്‍ഹവും പ്രചോദനപരവുമായ സേവനമാണ് അടൽ ബിഹാരി വാജ്പേയി കാഴ്ചവെച്ചതെന്നും താരം കൂട്ടിച്ചേർത്തു.
പാവപ്പെട്ടവരുടെയും ഇന്ത്യയുടെയും ഉന്നമനത്തിനു വേണ്ടി മോദി ചെയ്ത ഒരു പ്രവർത്തനമെങ്കിലും തെളിവു സഹിതം കാണിക്കാവോ എന്ന ചോദ്യമുന്നയിച്ച ട്വിറ്റർ ഉപയോക്താവിനോട്, “നിങ്ങൾ വിവരാകാശനിയമപ്രകാരം ഒരു അപേക്ഷ നൽകൂ” എന്നാണ് താരം പ്രതികരിച്ചത്.
2019 ലെ തെരെഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നാണ് താങ്കൾ വിശ്വസിക്കുന്നതെന്ന ചോദ്യത്തിന്, ‘പരമാവധി വോട്ടു കിട്ടുന്ന പാർട്ടി വിജയിക്കു’മെന്നായിരുന്നു മറുപടി.
അഞ്ചു വർഷം കൂടി കഴിയുമ്പോൾ സാക്ഷരതാപരമായും സാമ്പത്തികപരമായും ഇന്ത്യ എവിടെ എത്തുമെന്നാണ് താങ്കളുടെ വിശ്വാസം എന്നായിരുന്നു മറ്റൊരു ഫോളോവറുടെ ചോദ്യം.
” നമ്മൾ കേവലം 71 വയസ്സുമാത്രം പ്രായമുള്ള ഒരു രാജ്യമാണ്. നമുക്ക് ഇനിയുമേറെ യാത്ര ചെയ്യാനുണ്ട്, പക്ഷേ നമ്മൾ മുന്നോട്ട് പോകുന്നത് വലിയ/മഹത്തായ വേഗത്തിലാണ്. നമ്മൾ ആണ് മികച്ചവർ”, താരം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
നാടക വേദിയില്‍ നിന്നും സിനിമയിലെത്തിയ അനുപം ഖേര്‍ ഇപ്പോള്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനാണ്. ഇതിനു മുന്‍പ് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ, സെന്‍സര്‍ ബോര്‍ഡ് എന്നീ സ്ഥാപനങ്ങളുടേയും ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. 2004ല്‍ പദ്മശ്രീ, 2016ല്‍ പദ്മഭൂഷണ്‍ എന്നിവ ലഭിച്ചിട്ടുണ്ട്.
അനുപംഖേറിന്റെ ഭാര്യ കിരൺ ഖേർ ചണ്ഡീഗഢില്‍നിന്നുള്ള ബിജെപി ലോക്‌സഭാംഗമാണ്. ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളിലെല്ലാം അഭിപ്രായങ്ങളും നിലപാടുകളും ഉന്നയിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് അനുപം ഖേർ. രാഷ്ട്രീയത്തിൽ ചേരാൻ എന്തെങ്കിലും സാധ്യതകളുണ്ടോ എന്ന ചോദ്യത്തിന്, ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാതെ തന്നെ രാജ്യത്തെ കുറിച്ച് ഞാൻ സംസാരിച്ചു കൊണ്ടിരിക്കും എന്നായിരുന്നു താരത്തിന്റെ മറുപടി.
‘ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ എന്ന മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ജീവചരിത്ര സിനിമയിൽ മൻമോഹൻ സിങ്ങായി അഭിനയിച്ചു വരികയാണ് അനുപം ഖേർ. 2004 മേയ് മുതല്‍ 2008 ഓഗസ്റ്റ് വരെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്.