സൗബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത പറവയില്‍ അഭിനയിക്കാനായി ഓഡീഷനില്‍ പങ്കെടുത്തിരുന്നെന്ന് നടി അനു സിതാര. സിനിമയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്നും അനു തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

“പറവ ഒറ്റവാക്കിൽ ഗംഭീരം … എല്ലാവരും തകർത്തു … DQ .. “പൊളി പറവയാണ് നീ അവളുടെ കണ്ണ് കണ്ടോ.. ഇവള് മുത്താണ് …ഒരു വർഷം മുൻപ് ഞാനും പറവ ഓഡിഷൻ പങ്കെടുത്തിരുന്നു.. പക്ഷെ കിട്ടിയില്ല .. ഈ സിനിമയുടെ ഭാഗമാകാൻ കഴിയാത്തതിൽ ദുഖമുണ്ട് .. എന്നാലുമെന്റെ സൗബിൻ ചേട്ട സിനിമയും അതിലഭിനയിച്ച എല്ലാവരും, പുറകിൽ പ്രവർത്തിച്ചവരും തകർത്തു…”, അനു സിതാര കുറിച്ചു. അനു സിതാരയെ എന്തുകൊണ്ടാണ് ചിത്രത്തിലേക്ക് തെരഞ്ഞെടുത്തില്ല എന്ന് വ്യക്തമല്ല.

മികച്ച പ്രതികരണത്തോടെയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. പുതുമുഖങ്ങള്‍ പ്രധാനകഥാപാത്രങ്ങളായുള്ള ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. പ്രാവ് പറത്തല്‍ മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. മട്ടാഞ്ചേരിയിലെ ജീവിതങ്ങളെ പച്ചയായി വരച്ചുകാട്ടുന്ന ചിത്രമെന്ന അഭിപ്രായം നേടിയാണ് ചിത്രം മുന്നേറുന്നത്. പ്രാവ് പറത്തല്‍ മത്സരത്തിലെ വിജയം സ്വപ്നം കണ്ട് കഴിയുന്ന ഇച്ചാപ്പി, ഹസീബ് എന്നീ കുട്ടികളിലൂടെയാണ് കഥ വികസിക്കുന്നത്. ഇരട്ട ക്ലൈമാക്സുളള ചിത്രത്തില്‍ സംവിധായകന്‍ സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിതാര വെളളിത്തിരയിലെത്തിയത്. പിന്നീട് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, അച്ചായന്‍സ്, സര്‍വ്വോപരി പാലാക്കാരന്‍, രാമന്റെ ഏഥന്‍തോട്ടം എന്നീ ചിത്രങ്ങളില്‍ അനു അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ