ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി ശ്രദ്ധേയനായ ആദിവാസിബാലന്‍ ‘മണി’യുടെ പുതിയ ചിത്രം ഒരുങ്ങുന്നു എന്ന വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എഴുത്തുകാരനായ ഉണ്ണികൃഷ്ണന്‍ ആവള തിരക്കഥയെഴുതി സം‌വിധാനം ചെയ്യുന്ന ‘ഉടലാഴം’ എന്ന സിനിമയിലാണ് മണി അഭിനയിക്കുന്നത്. അനുമോള്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ അനുമോള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരുന്നു. ഈ പോസ്റ്ററിന്റെ താഴെ മണിയെ പരിഹസിച്ചെഴുതിയ ആള്‍ക്ക് അനുമോള്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

മണിയെ കുറിച്ച് മോശം പരാമർശം നൽകിയയാൾക്ക് വായടപ്പൻ മറുപടിയാണ് അനുമോൾ നൽകിയത്. ‘കുറച്ച് മാന്യതയോടെ പെരുമാറിയാല്‍ നന്നായിരുന്നു. അഭിനയിക്കാന്‍ മിടുക്ക് ഉള്ളവരെയാണ് സിനിമക്ക് വേണ്ടത്, അല്ലാതെ നാക്കിന് എല്ലില്ലാത്തവരെയല്ല’ എന്നായിരുന്നു അനുമോളുടെ മറുപടി. വര്‍ണവിവേചനം മനസിൽ കൊണ്ട് മടക്കുന്നയാൾക്ക് അനുമോള്‍ നല്‍കിയ മറുപടി അര്‍ഹിക്കുന്നത് തന്നെ എന്നാണ് സോഷ്യല്‍ മീഡിയയിലെ പലരും അഭിപ്രായപ്പെടുന്നത്.

സിനിമാ സ്നേഹികളായ ഡോക്ടര്‍മാര്‍ മനോജ്കുമാര്‍ കെ.ടി, രാജേഷ്കുമാര്‍ എം‌ പി, സജീഷ് എം, മുരളീധരന്‍ എ.കെ, ഷിനാസ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മൂവി പ്രൊഡക്ഷന്‍ ഹൗസ് ആയ ‘ഡോക്ടേഴ്സ് ഡിലെമ’ നിര്‍മ്മിക്കുന്ന ആദ്യ ഫീച്ചർ ഫിലിമാണ് ‘ഉടലാഴം’.

mani, photographer

‘മണി’യാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍, അനുമോള്‍, അബു വളയംകുളം, രാജീവ് വെള്ളൂര്‍, നിലമ്പൂര്‍ ആയിഷ, രമ്യ രാജ്, മഞ്ജു, പ്രിയ, സുനില്‍, സുരേഷ് തിരുവാലി, മഞ്ജു ബാണത്തൂർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനര്‍. ബിജിബാല്‍ പശ്ചാത്തല സംഗീതവും; ഗായിക സിതാര, മിഥുന്‍ ജയരാജ് എന്നിവര്‍ ചേര്‍ന്ന് സംഗീത സം‌വിധാനവും നിര്‍‌വഹിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റര്‍. ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ എ. മുഹമ്മദാണ് ക്യാമറ.

നിലമ്പൂര്‍, കോഴിക്കോട്, വയനാട്, ചെന്നൈ എന്നിവിടങ്ങളിലാണ് ലൊക്കേഷനുകള്‍. പരസ്യകല ഓൾഡ് മോങ്ക്സ്, പ്രൊഡക്ഷൻ കൺട്രോളർ അനിൽ അങ്കമാലി, പിആർഒഎ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ