തൊഴിലാളി ദിനത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവിന്റെ ചിത്രം പങ്കുവച്ച് അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ്. ഉച്ചയ്ക്ക് ചോറുണ്ണാന്‍ വന്ന അപ്പനെ ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാണെന്നും ആന്റണി പറയുന്നു.

പിതാവ് ഒരു ഓട്ടോറിക്ഷാ ജീവനക്കാരനാണെന്നും അതിന്റെ പേരില്‍ പലരും അവഗണിച്ചിട്ടുണ്ടെന്നും ആന്റണി മുമ്പും പറഞ്ഞിട്ടുണ്ട്.

‘എന്റെ അപ്പൂപ്പന്‍ ഒരു എല്ലുപൊടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന സാധാരണക്കാരനാണ്. അമ്മൂമ്മ പാടത്ത് പണിക്ക് പോയിരുന്ന ഒരാളാണ്. അച്ഛന്‍ ഓട്ടോ ഡ്രൈവറും ആണ്. സിനിമ പുറത്തിറങ്ങിയിട്ട് അവരെയെല്ലാം കൊണ്ട് ഇന്റര്‍നാഷണല്‍ ടൂര്‍ പോകാന്‍ കഴിഞ്ഞു. അപ്പൂപ്പനൊക്കെ ഒരുപാട് സന്തോഷമായി. ദുബായില്‍ വച്ച് ചേര്‍ത്ത് പിടിച്ച് പറഞ്ഞു ഒരുപാട് അഭിമാനമുണ്ട് നിന്നെ ഓര്‍ത്തെന്ന്.’

പണ്ടൊക്കെ വീടിനടുത്ത് ഒരു ചടങ്ങ് നടന്നാല്‍ തങ്ങളെ ആരും വിളിക്കാറില്ലെന്നും എന്നാല്‍ താന്‍ സിനിമയില്‍ എത്തിയതിന് ശേഷം എല്ലാ ചടങ്ങുകള്‍ക്ക് ക്ഷണം ലഭിക്കാറുണ്ടെന്നും പെപ്പെ പറഞ്ഞിരുന്നു.

Read More: പെപ്പെയുടെ ആത്മ’സഖി’ ഇവിടെയുണ്ട്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അംഗമാലി ഡയറീസ് എന്ന ചിത്രത്തിൽ വിൻസന്റ് പെപ്പെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ആൻ്റണി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം സൂപ്പർ ഹിറ്റായതോടെ ആന്റണി പെപ്പെ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.

86 പുതുമുഖ നടിനടന്മാരെ വച്ചു അണിയിച്ചൊരുക്കിയതാണ് ഈ സിനിമ. ആന്റണി വർഗീസിനെ കൂടാതെ രേഷ്മ രാജൻ,കിച്ചു തെല്ലസ്,ഉല്ലാസ് ജോസ് ചെമ്പൻ ,വിനീത് വിശ്വം, ബിറ്റോ ഡേവിസ്, ടിറ്റോ വിൽസൺ ,ശരത് കുമാർ, സിനോജ് വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഫ്രൈഡേ ഫിലിം ഹൗസിന്‌റെ ബാനറിൽ നിർമിച്ച ഈ സിനിമ വിജയ് ബാബുവിന്റെ ആദ്യ നിർമ്മാണ ചിത്രമായിരുന്നു.

പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലും ആന്റണി മുഖ്യ വേഷത്തിൽ എത്തി. ഒരു സബ് ജയിലിനെയും അതിനുള്ളിലെ തടവുകാരെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. കോട്ടയത്തെ ഒരു ഫിനാൻസ് കമ്പനി മാനേജർ ആയ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു രാത്രിയിൽ നടക്കുന്ന ഒരു സംഭവം, അതിനെ ചുറ്റി പറ്റി നടക്കുന്ന കാര്യങ്ങൾ എന്നിവയാണ് ചിത്രം ചർച്ച ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook