പ്രിയതാരങ്ങളോടുള്ള ആരാധനയ്ക്ക് പലപ്പോഴും പ്രായമൊന്നും പ്രശ്നമല്ല. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ താരങ്ങളുടെ ആരാധകലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. നടൻ ആന്റണി വർഗീസ് എന്ന പെപ്പെയെ തേടിയെത്തിയ ഒരു കുട്ടി ആരാധികയുടെ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
കൊല്ലം പെരുമൺ എൽ പി സ്കൂളിലെ മൂന്നാം ക്ലാസുകാരിയായ നവമി എസ് പിള്ളയാണ് പെപ്പെയ്ക്ക് കത്ത് അയച്ചിരിക്കുന്നത്. അജഗജാന്തരം സിനിമ കാണാൻ കൊല്ലം പാർത്ഥാ തിയേറ്ററിൽ എത്തിയ പെപ്പെയെ ആൾതിരക്കു കാരണം തനിക്കന്ന് കാണാൻ കഴിഞ്ഞില്ലെന്നും പെപ്പെയുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടെന്നുമാണ് കുഞ്ഞു നവമി കത്തിൽ കുറിക്കുന്നത്.
“ഇനി കൊല്ലം വരുമ്പോൾ നമ്മൾക്ക് എന്തായാലും കാണാം നവമിക്കുട്ടി,” എന്ന് ഉറപ്പുനൽകി കൊണ്ട് പെപ്പെ തന്നെയാണ് കുട്ടി ആരാധികയുടെ കത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. കുഞ്ഞിന്റെ ആഗ്രഹം അങ്ങ് സാധിപ്പിച്ചു കൊടുക്കൂ എന്നാണ് ആരാധകരും പെപ്പെയോട് ആവശ്യപ്പെടുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ എത്തി മലയാളികൾക്ക് പ്രിയങ്കരനായി മാറുകയായിരുന്നു ആന്റണി വർഗീസ്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ജല്ലിക്കട്ട് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച ആന്റണിയുടെ ‘അജഗജാന്തരം’ അടുത്തിടെയാണ് തിയേറ്ററുകളിൽ എത്തിയത്.