‘അങ്കമാലി ഡയറീസ്’ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിനു ശേഷം ആന്റണി വര്‍ഗീസ് നായകനായെത്തുന്ന ചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കിയാണ് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ലിജോ ജോസിന്‍റെ സഹായിയായിരുന്ന ടിനു പാപ്പച്ചന്‍റെ ആദ്യ സംവിധാന സംരംഭം, ഒരു ആക്ഷന്‍ ത്രില്ലെര്‍ എന്ന് സൂചനകള്‍ നല്‍കിക്കൊണ്ടു തന്നെയായിരുന്നു ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും ട്രെയിലറും പുറത്തിറങ്ങിയത്.
കോട്ടയം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തില്‍ ജേക്കബ് വര്‍ഗീസ് എന്ന നായക കഥാപാത്രത്തെയാണ് ആന്റണി അവതരിപ്പിക്കുന്നത്. അധ്യാപകരുടെ മകനായ ജേക്കബ് കന്യാസ്ത്രീ മഠത്തിലെ ബെറ്റി (പുതുമുഖം അശ്വതി) എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും, ബെറ്റിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്തി ഇരുവരും മൈസൂരുലേക്ക് നാടുവിടുകയും ചെയ്യുന്നു. എന്നാല്‍ അവിടെ നിന്നും വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ജേക്കബ് പൊലീസിന്‍റെ പിടിയിലാകുകയും ജയിലിലെത്തുകയും ചെയ്യുന്നു.
സ്വാതന്ത്ര്യ ദിനത്തിന്‍റെയന്ന്, ജയിലില്‍ നിന്നും രക്ഷപ്പെടാനുള്ള അയാളുടെയും മറ്റ് അന്തേവാസികളുടേയും ശ്രമമാണ് ചിത്രത്തിന്‍റെ പ്രധാന കഥ. തുടക്കത്തിലെ ചില ആശയക്കുഴപ്പങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ദിലീപ് കുര്യന്റേത് കണ്‍വിന്‍സിംഗ് ആയ തിരക്കഥയാണ് എന്നു തന്നെ പറയാം.
ചെമ്പന്‍ വിനോദ്, വിനായകന്‍, ടിറ്റോ വിത്സണ്‍, രാജേഷ് ശര്‍മ്മ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. അങ്കമാലി ഡയറീസ് പോലെ പ്രത്യേകിച്ചൊരു കഥയോ ഉള്ളടക്കമോ ഉള്ള ചിത്രമല്ല ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’. നായകനും കൂടെയുള്ളവരും ജയില്‍ ചാടാന്‍ നടത്തുന്ന പദ്ധതികളും അതിലേക്കുള്ള മാര്‍ഗവും തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന ഉള്ളടക്കം. കഥയും തിരക്കഥയുമല്ല, ക്രാഫ്റ്റാണ് ചിത്രത്തിന്‍റെ ഹൃദയം. ‘ഇനിയെന്ത്?’ എന്ന് ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങള്‍ക്കൊപ്പം സാന്ദര്‍ഭികവും സ്വാഭാവികവുമായ നര്‍മ്മവും സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നുണ്ട്.
ജയിലിനകത്താകട്ടെ പുറത്താകട്ടെ, ഇതര സംസ്ഥാനത്തുള്ളവരോട് മലയാളികളുടെ വിവേചന മനോഭാവത്തെക്കുറിച്ചും, മംഗളൂരുവിലെ പബ്ബില്‍ പ്രണയദിനാഘോഷങ്ങള്‍ക്കിടയില്‍ ഹൈന്ദവവാദികള്‍ നടത്തിയ അക്രമത്തിലേക്കുമെല്ലാം ചിത്രം ക്യാമറ തിരിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഭൂരിഭാഗവും നടക്കുന്നത് ജയിലിനകത്തു തന്നെയാണ്. അതേസമയം സാധാരണ ജയില്‍ വിഷയമായി നടക്കുന്ന സിനിമകളിലെ സ്ഥിരം ക്ലീഷേകള്‍ ഒഴിവാക്കാനും ശ്രദ്ധിച്ചിട്ടുണ്ട്.
കുറ്റവാളികളായതിന്‍റെ പുറകിലെ കഥകളും, സെന്റിമെന്‍റ് രംഗങ്ങളും ഇല്ല എന്നതും ശ്രദ്ധേയമാണ്. കുറ്റ കൃത്യങ്ങളെ ചിത്രം ഗ്ലോറിഫൈ ചെയ്യുന്നില്ലെങ്കിലും, ജയില്‍ ചാട്ടം കുറ്റകാരമാണ് എന്നും ചൂണ്ടിക്കാണിക്കുന്നില്ല. ജയില്‍ ചാട്ടം ഇതിവൃത്തമായ ഒരു ചിത്രത്തില്‍ അത്തരം രാഷ്ട്രീയ ശരികളെ സൂക്ഷമപരിശോധനയ്ക്കു വിധേയമാക്കണോ എന്നത് പ്രേക്ഷക മനസാക്ഷിക്കു വിട്ടുകൊടുക്കുന്നതാകും നല്ലത്.
ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ജയിലിലെത്തിയ പട്ടാളക്കാരനെ, മോഷണക്കേസിലും കൊലപാതക കേസിലും ശിക്ഷിക്കിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ കൈയ്യേറ്റം ചെയ്യുമ്പോള്‍, ‘അവനത് കിട്ടണം’ എന്ന ഭാവത്തില്‍ പൊലീസുകാര്‍ നോക്കി നില്‍ക്കുന്ന രംഗത്തില്‍ തിയേറ്ററില്‍ എണീറ്റുനിന്നു കൈയ്യടിച്ചവരും, പ്രതികരിക്കാതെ ഇരുന്നവരുമായ പ്രേക്ഷകരും, കേരളം എങ്ങോട്ട് എന്ന് നമ്മളെ ചിന്തിപ്പിക്കുന്നുണ്ട് പക്ഷേ.
അഭിനയം കൊണ്ടും, ആക്ഷന്‍ കൊണ്ടും, പ്രതീക്ഷയുണര്‍ത്തുകയും മലയാള സിനിമയില്‍ തനിക്കൊരു ഇടമുണ്ടെന്ന് അടിവരയിടുകയും ചെയ്യുന്നുണ്ട് ആന്റണി വര്‍ഗീസ്. ചിത്രത്തില്‍ സ്‌കോര്‍ ചെയ്തു നിന്നത് വിനായകന്‍ തന്നെയായിരുന്നു. തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയതും അദ്ദേഹം തന്നെ. ലിജോ ജോസും ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മലയാള സിനിമ അധികം കണ്ടു പരിചയിക്കാത്ത ആംഗിളുകളുകളിലൂടെ ഗിരീഷ് ഗംഗാധരന്‍റെ ക്യാമറ ചിത്രത്തിന്‍റെ ജീവനായി മാറി. ആക്ഷന്‍ രംഗങ്ങളെ അത്രയേറെ ചങ്കിടിപ്പോടെ അവതരിപ്പിച്ച ഗിരീഷിന്‍റെ ക്യാമറയും ഷമീര്‍ മുഹമ്മദിന്‍റെ എഡിറ്റിംഗും പരാമര്‍ശിക്കാതെ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തെക്കുറിച്ച് ഒന്നും പറയാനാകില്ല.
ജയിലും ജയില്‍ ചാട്ടവും ആസ്പദമാക്കി, പദ്മരാജന്റെ ‘സീസണ്‍’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഉണ്ടെങ്കിലും, ആക്ഷന്‍ കൊണ്ടും, ക്രാഫ്റ്റുകൊണ്ടും മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ചൊരു ‘ജയില്‍ചാട്ട ചിത്രം’ എന്നു വിളിക്കാം ഈ ചിത്രത്തെ.