scorecardresearch

‘ഫിയോക്കി’ൽനിന്നു ആന്റണി പെരുമ്പാവൂർ രാജി വച്ചു

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിലാണ് ആന്റണിയുടെ രാജി

Marakkar, Marakkar release, Marakkar ott release, Marakkar Amazon Prime Video, Marakkar Arabikadalinte Simham, Mohanlal, Priyadarshan, Antony Perumbavoor, മരക്കാർ, മരക്കാർ റിലീസ്

തിയറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്കി’ൽനിന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ രാജി വച്ചു. ഫിയോക്കിന്റെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ആന്റണി.

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിനെ തുടർന്നാണ് തന്റെ രാജി സന്നദ്ധത ആന്റണി പെരുമ്പാവൂർ ഫിയോക്കിനെ അറിയിച്ചത് എന്നാണ് റിപ്പോർട്ട്.

നിലവിലെ സാഹചര്യത്തിൽ മരക്കാർ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് ലാഭകരമല്ലെന്നും അതിനാൽ ഓടിടി റിലീസിനെ കുറിച്ച് ആലോചിക്കുന്നുവെന്നും കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. മികച്ച ചിത്രത്തിനുള്ള നാഷണൽ അവാർഡ് മരക്കാറിനു വേണ്ടി ഏറ്റുവാങ്ങിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആന്റണി പെരുമ്പാവൂർ ഇക്കാര്യം വ്യക്തമാക്കിയത്.

” നിലവിൽ അമ്പത് ശതമാനം ആളുകളെ മാത്രമേ തിയേറ്ററിൽ പ്രവേശിപ്പിക്കാനാകൂ. അത്തരം സാഹചര്യത്തിൽ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നത് ലാഭകരമല്ല. വലിയ മുതൽ മുടക്കിൽ നിർമ്മിച്ച സിനിമയാണിത്. ഇനിയും റിലീസ് നീട്ടിക്കൊണ്ട് പോകൽ നടക്കില്ല. തിയേറ്ററിലും ഓടിടിയിലും ഒരുമിച്ച് റിലീസ് എന്നത് ഉദ്ദേശിച്ചിട്ടുമില്ല. അനുകൂല സാഹചര്യം വന്നാൽ തിയേറ്റർ റിലീസ് ഉണ്ടാകും. അല്ലെങ്കിൽ ഓടിടിയിൽ റിലീസ് ചെയ്യും. ആമസോൺ പ്രൈമുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്,” എന്നായിരുന്നു ആന്റണി പെരുമ്പാവൂർ പറഞ്ഞത്.

അതേസമയത്താണ് കേരളത്തിലെ തിയേറ്ററുകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങിയത്. കേരളം കാത്തിരിക്കുന്ന വലിയ സിനിമയായ മരക്കാർ, തിയേറ്ററിലാണോ ഓടിടിയിലാണോ റിലീസ് ചെയ്യേണ്ടത് എന്ന വിഷയവുമായി ബന്ധപ്പെട്ട് സംഘടനാതലത്തിലും ചർച്ചകൾ നടന്നിരുന്നു.

അമ്പത് ശതമാനം ആളുകളെ മാത്രം തിയേറ്ററിൽ പ്രവേശിപ്പിക്കാനാവുന്ന നിലവിലെ സാഹചര്യത്തിൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്താൽ ബിഗ് ബജറ്റിലൊരുക്കിയ മരക്കാർ പോലൊരു സിനിമയ്ക്ക് വൻനഷ്ടമുണ്ടാവുമെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.

മന്ത്രി സജി ചെറിയാനും ഇന്നലെ ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചിരുന്നു. ‘മരക്കാർ’ ഉൾപ്പടെയുള്ള ചിത്രങ്ങൾ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. മെഗാ സ്റ്റാറുകളുടെ ചിത്രം ആദ്യം പ്രദർശിപ്പിക്കേണ്ടത് തിയറ്ററുകളിൽ ആണ്. ഈ വ്യവസായം നിലനിൽക്കേണ്ടത് ആവശ്യമാണെന്നുമാണ് മന്ത്രി വിലയിരുത്തിയത്. മറ്റു മാർഗങ്ങൾ ഇല്ലാതാകുമ്പോൾ മാത്രമേ ഒടിടി പ്ലാറ്റ്‌ഫോം സാധ്യതകളെക്കുറിച്ച് ആലോചിക്കാവൂ എന്നും മന്ത്രി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

തുടർന്ന് ഇന്ന് നടന്ന ഫിയോക്കിന്റെ യോഗത്തിലാണ് ആന്റണി പെരുമ്പാവൂർ രാജി സന്നദ്ധത അറിയിച്ചത് എന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഫിയോക് ഭാരവാഹികളുമായി ബന്ധപ്പെട്ടപ്പോൾ ചർച്ചകൾ നടക്കുകയാണെന്നും അതിനു ശേഷമായിരിക്കും പ്രതികരണം എന്നുമായിരുന്നു മറുപടി.

Read more: ഓടിടി സാധ്യത തള്ളിക്കളയാനാവില്ല; മരക്കാർ റിലീസിനെക്കുറിച്ച് ആൻറണി പെരുമ്പാവൂർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Antony perumbavoor offers to resign from feuok marakkar release controversy