scorecardresearch
Latest News

‘വിതുമ്പി വിതുമ്പി കരയുന്ന മമ്മൂക്കയെ ആണ് പിന്നെ ഞാൻ കണ്ടത്’

ഉറ്റസുഹൃത്തിന്റെ വിയോഗത്തിൽ തകർന്ന മമ്മൂട്ടിയെ കുറിച്ച് ആന്റോ ജോസഫ്

mammootty, kr viswambharan, Mammootty kr-viswambharan friendship, anto joseph, മമ്മൂടട്ടി കെ ആർ വിശ്വംഭരൻ

മൂന്നു ദിവസം മുൻപാണ് മമ്മൂട്ടിയുടെ പ്രിയസുഹൃത്തും എറണാകുളം മുൻ കലക്ടറും ഔഷധി ചെയര്‍മാനുമായ കെ.ആര്‍.വിശ്വംഭരൻ അന്തരിച്ചത്. ഭാര്യ സുൽഫത്തിനും മരുമകൾ അമാലിനുമൊപ്പം സ്വയം ഡ്രൈവ് ചെയ്ത് തന്റെ ആത്മാർത്ഥസുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണാൻ മമ്മൂട്ടി വിശ്വംഭരന്റെ വീട്ടിലെത്തിയിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടിയും വിശ്വംഭരനും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ആന്റോ ജോസഫ് പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞു. കെ.ആര്‍.വിശ്വംഭരന്‍ സാറിനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മൂക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശബ്ദനായിരുന്നു. ആ കണ്ണുകള്‍ പതുക്കെ നിറഞ്ഞു. ശബ്ദം ഇടറി. കെ.ആര്‍.വിശ്വംഭരന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളില്‍ കയ്യിട്ട് നടന്ന, ഒരുമിച്ച് വെയിലും മഴയും കൊണ്ട, ഒരുമിച്ച് ചിരിച്ച, കരഞ്ഞ വിശ്വംഭരന്‍ എന്ന സുഹൃത്തിനോടായിരുന്നു.”

“മമ്മൂക്ക പറഞ്ഞു: ‘നാല്പത്തിയെട്ടുവര്‍ഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയില്‍ ഒരാള്‍ നഷ്ടപ്പെട്ടു. എന്റെ ഉയര്‍ച്ചകളിലും താഴ്ചകളിലും വിശ്വംഭരന്‍ ഉണ്ടായിരുന്നു. എന്റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്റേതായി കണ്ടു. പലപ്പോഴും ഞാന്‍ വീണുപോയിട്ടുണ്ട്. അപ്പോള്‍ ഒരു കൈത്താങ്ങുമായി വിശ്വംഭരന്‍ കൂടെയുണ്ടായിരുന്നു. ഞാന്‍ വീണ്ടും എഴുന്നേല്കുന്നതും കൂടുതല്‍ ശക്തിയോടെ നടക്കുന്നതും കണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരില്‍ ഒരാളും വിശ്വംഭരന്‍ തന്നെ. വിശ്വംഭരന്റെ കുടുംബത്തില്‍ ഞാനുണ്ടായിരുന്നു,എന്റെ കുടുംബത്തില്‍ വിശ്വംഭരനും. വിശ്വംഭരന്‍ ഇനിയില്ല…”

“സന്തോഷവും സങ്കടവും പൊതിച്ചോറു പോലെ പങ്കിട്ട രണ്ട് സ്‌നേഹിതര്‍ തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളില്‍ തെളിഞ്ഞുകണ്ടത്. അത്രയും ആഴത്തില്‍ കൈകോര്‍ത്തുനില്കുന്ന സൗഹൃദത്തിന്റെ വേരുകള്‍. രണ്ടുകൂട്ടുകാരുടെ ആത്മബന്ധത്തിന്റെ കലര്‍പ്പില്ലാത്ത കാഴ്ച. സംസാരത്തിനിടെ ദുബായിയില്‍ നിന്ന് മമ്മൂക്കയുടെയും വിശ്വംഭരന്‍ സാറിന്റെയും ആത്മസുഹൃത്ത് ഷറഫിന്റെ വീഡിയോ കോള്‍ വന്നു. വിതുമ്പിവിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാന്‍ പിന്നെ കണ്ടത്. ഓര്‍മകളുടെ തിരമാലകള്‍ പിന്നെയും പിന്നെയും….അതില്‍ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് അദ്ദേഹം പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു അപ്പോള്‍,” ഹൃദയസ്പർശിയായ കുറിപ്പിൽ ആന്റോ ജോസഫ് കുറിക്കുന്നു.

Read more: ‘ഡാ മമ്മൂട്ടി’ എന്നു വിളിക്കാന്‍ വിളിക്കാന്‍ സ്വാതന്ത്ര്യമുള്ളയാള്‍; അന്തരിച്ച കെ.ആര്‍.വിശ്വംഭരനെ അനുസ്മരിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anto joseph about mammootty kr viswambharan friendship