സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ‘എസ് ദുര്‍ഗ’ എന്ന ‘സെക്സി ദുര്‍ഗ’യ്ക്ക് വീണ്ടും തിരിച്ചടി. ‘എസ് ദുര്‍ഗ’ എന്ന പേര് സിനിമയില്‍ എഴുതിക്കാണിക്കുന്നതിനെ ചൊല്ലി ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പുനഃപരിശോധിക്കണമെന്ന് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടെ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. പുനഃപരിശോധന കഴിയും വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
ഇതിനെതിരെ ‘എസ് ദുര്‍ഗ’യുടെ നിര്‍മ്മാതാക്കള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) തിരുവനന്തപുരത്തെ റീജണല്‍ ഓഫീസ് നല്കിയ സര്‍ട്ടിഫിക്കറ്റാണ് പുനഃപരിശോധിക്കണമെന്ന് അവര്‍ തന്നെ ആവശ്യപ്പെട്ടത്. സിബിഎഫ്സിയ്ക്ക് ഇതിനുള്ള അധികാരമുണ്ട് എന്നാണ് മേല്‍പ്പറഞ്ഞ പെറ്റിഷനില്‍ ജസ്റ്റിസ് ഷാജി പി.ചാലി വിധി പറഞ്ഞത്.
“1983 സര്ട്ടിഫിക്കേഷന് നിയമം 33 അനുസരിച്ച് സെന്‍സര്‍ ബോര്‍ഡിന് ഒരിക്കല്‍ സര്‍ട്ടിഫൈ ചെയ്ത ചിത്രത്തെ പുനഃപരിശോധിക്കാനുള്ള അധികാരമുണ്ട്. 1952ലെ സിനിമാറ്റോഗ്രാഫി ആക്ട് അനുസരിച്ചും കൂടിയാണിത്,” വിധിയില്‍ കോടതിയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു.
ഇപ്പോള്‍ നിലവിലുള്ള സര്‍ട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണം എന്നാണു സംവിധായകന് സനല്‍ കുമാര്‍ ശശിധരന് തന്റെ പരാതിയില്‍ ആവശ്യപ്പെട്ടത്. മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ചിത്രം പുനഃപരിശോധിച്ച് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്നും കോടതി സിബിഎഫ്സിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സെക്സി ദുര്‍ഗ്ഗ’ എന്ന സിനിമയുടെ പേര് ആശാസ്യമല്ല എന്നും പകരം ‘എസ് ദുര്‍ഗ്ഗ’ എന്നാക്കി മാറ്റണം എന്നുമാണ് ആദ്യ സെന്‍സറിങ് വേളയില്‍ ബോര്‍ഡ് സനല്‍ കുമാര്‍ ശശിധരനോട് ആവശ്യപ്പെട്ടത്. അതനുസരിച്ച് സിനിമയുടെ പേര് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഗോവ ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ ജൂറിയെ കാണിച്ച പതിപ്പില്‍ ചിത്രത്തിന്റെ പേര് ‘SXXX Durga’ എന്ന് കണ്ടതിന്റെ ഫലമായാണ് ചിത്രം ഒന്ന് കൂടി സെന്‍സര്‍ ചെയ്യണം എന്നും അതുവരെ ചിത്രം എവിടെയും പ്രദര്‍ശിപ്പിക്കരുത് എന്നും സെന്‍സര്‍ ബോര്‍ഡ് നിഷ്കര്‍ഷിച്ചത്.
മേളയിലേക്ക് തിരഞ്ഞെടുത്ത ‘എസ് ദുര്‍ഗ്ഗ’ പിന്നീട് മന്ത്രാലയം ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചു സംവിധായകന് കേന്ദ്രത്തിനെതിരെ കോടതിയില്‍ പോവുകയും ചിത്രം ഗോവയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവാകുകയും ചെയ്തു. അതുമായി ബന്ധപെട്ടു ചിത്രം വീണ്ടും കണ്ടപ്പോഴാണ് ഇന്ത്യന്‍ പനോരമ ജൂറിയിലെ നാല് അംഗങ്ങള്‍ സിനിമയുടെ പേര് എഴുതിക്കാണിച്ച രീതി സെന്‍സര്‍ കോപ്പിയില്‍ നിന്നും ഭിന്നമാണ് എന്ന് കാണിച്ചു തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചത്. ആ കത്തിന്റെ അടിസ്ഥാനത്തിലാണ് സെന്‍സര്‍ ബോര്‍ഡ് ഇതിനെ ‘റീക്കാള്‍’ ചെയ്തത്.
45 മത് റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരമായ ഹിവോസ് ടൈഗര്‍ അവാര്‍ഡ് നേടി ചിത്രമാണ് ‘എസ് ദുര്‍ഗ’.