പ്രണവ് മോഹൻലാലിനൊപ്പം തന്റെ മലയാള സിനിമാ അരങ്ങേറ്റം കുറിച്ച കല്യാണി പ്രിയദർശൻ, അടുത്ത ചിത്രത്തിലും ഒപ്പു വച്ചു. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിലാണ് ഇനി കല്യാണി അഭിനയിക്കുക. ശോഭനയും സുരേഷ് ഗോപിയും മുഖ്യ വേഷത്തിൽ ചിത്രത്തിലുണ്ടാകും. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നേരത്തേ ചിത്രത്തിൽ നായികയാകുന്നത് നസ്രിയയായിരിക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ കല്യാണിയാണ് നായിക എന്ന വിവരം അനൂപ് സ്ഥീരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

“ശോഭനയും കല്യാണിയും അമ്മയും മകളുമായാണ് സിനിമയിൽ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു പുരുഷന്മാരുടെ കഥാപാത്രങ്ങളാണ് ദുൽഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നത്,” അനൂപ് പറയുന്നു.

Read More: Dulquer Salmaan Sonam Kapoor Zoya Factor Trailer: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ; ‘സോയാ ഫാക്റ്റർ’ ട്രെയിലർ

സമീപകാലത്ത് അവതരിപ്പിച്ച സീരിയസ്സ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി നർമ്മബോധമുള്ള കഥാപാത്രത്തെയാവും ശോഭന അവതരിപ്പിക്കുന്നതെന്ന് അനൂപ് പറയുന്നു

ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചെന്നൈയിലായിരിക്കും സിനിമയുടെ മുഴുവൻ ചിത്രീകരണവും. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. ചെന്നൈയിൽ ജീവിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ഇതെന്നും അനൂപ് പറയുന്നു. എം സ്റ്റാർ കമ്മ്യൂണിക്കേഷൻസ് ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്.

ദുൽഖർ നായകനാകുന്ന ബോളിവുഡ് ചിത്രം സോയ ഫാക്ടർ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. സെപ്റ്റംബർ 20 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുൽഖർ ‘ദ സോയ ഫാക്റ്ററി’ൽ അഭിനയിക്കുന്നത്. ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദ സോയ ഫാക്റ്റർ’. സോനം കപൂറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയാവുന്നത്. സോയ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സോനം അവതരിപ്പിക്കുന്നത്. പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ്.

ഈ ചിത്രത്തിനു വേണ്ടിയായിരുന്നു മലയാളത്തിൽ നിന്നും വലിയൊരു ബ്രേക്ക് എടുത്ത് ദുൽഖർ മാറിനിന്നത്. ഏതാണ്ട് ഒന്നരവർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ മലയാളത്തിലെത്തിയത്, ‘ഒരു യമണ്ടൻ പ്രേമകഥ’യിലായിരുന്നു. ചിത്രത്തിൽ ലല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദുൽഖർ അവതരിപ്പിച്ചത്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് ബി സി നൗഫല്‍ ആയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook