നടൻ, സംവിധായകൻ, ഗാനരചയിതാവ്, തിരകഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് അനൂപ് മേനോൻ. ടി വി സീരിയലൂകളിലൂടെയാണ് അനൂപിന്റെ കരിയർ ആരംഭിക്കുന്നത്. 2002 ൽ പുറത്തിറങ്ങിയ ‘കാട്ടുചെമ്പകം’ എന്ന ചിത്രത്തിലൂടെ അനൂപ് സിനിമാലോകത്തെത്തി. പിന്നീട് അനവധി ചിത്രങ്ങളിലൂടെ അനൂപ് തന്റെ സ്ഥാനം നേടിയെടുത്തു. ‘പത്മ’, ‘കിങ്ങ് ഫിഷ്’ എന്ന ചിത്രങ്ങൾ അനൂപ് സംവിധാനവും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അനൂപ് വിവാഹ വാർഷികാശംസകൾ അറിയിച്ച് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
“വിവാഹ വാർഷികാശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. എന്റെ മണ്ടത്തരങ്ങളും ഭ്രാന്തുകളുമൊക്കെ സഹിക്കുന്നതിന് എന്റെ പ്രിയപ്പെട്ടവൾക്ക് നന്ദി. ആമിയെ പോലൊരു മകളെ സമ്മാനിച്ചതിന്, എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം നിൽക്കുന്നതിന്, എന്റെ സാഹസിക യാത്രകൾക്ക് ഒപ്പം കൂടുന്നതിന്, ഇത്ര നല്ല മനസ്സിനുടമയായതിന് എല്ലാത്തിനും നന്ദി” അനൂപ് കുറിച്ചു. അനവധി ആരാധകരും ചിത്രത്തിനു താഴെ ആശംസകൾ അറിയിച്ചിട്ടുണ്ട്.
2014 ഡിസംബർ 27 നാണ് അനൂപും ക്ഷേമ അലക്സാണ്ടറും വിവാഹിതരായത്. ക്ഷേമയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭർത്താവ് 2006 ൽ ഹൃദ്യയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ക്ഷേമയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ആമി.
രാകേഷ് ഗോപന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘തിമിംഗല വേട്ട’യാണ് അനൂപിന്റെ ഏറ്റവും പുതിയ ചിത്രം. ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, രാധിക രാധാകൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.