നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമായ പത്മ ജൂലൈ 15ന് തിയേറ്ററുകളിൽ എത്തുകയാണ്. റിലീസിന് മുന്നോടിയായി അനൂപ് മേനോൻ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത വീഡിയോ ആണ് ഇപ്പോൾ കാഴ്ചക്കാരിൽ ചിരിയുണർത്തുന്നത്. അനൂപ് മേനോനും നായികയായ സുരഭി ലക്ഷ്മിയും തമ്മിലുള്ള രസകരമായൊരു സംഭാഷണമാണ് വീഡിയോയിൽ കാണാനാവുക.
“അനൂപേട്ടാ, ഇങ്ങളല്ലേ പത്മയുടെ പ്രൊഡ്യൂസർ, വേറെ പാർട്ണേഴ്സ് ഒന്നുമില്ലല്ലോ? പത്മ അഥവാ പൊട്ടിയാല്‍ ഇങ്ങൾക്കു എത്ര ഉറുപ്പിക പോവും?’’ എന്നാണ് അനൂപ് മേനോനോട് സുരഭിയുടെ ചോദ്യം.
സുരഭിയുടെ ചോദ്യത്തിന് രസകരമായ മറുപടിയാണ് അനൂപ് നൽകിയത്. ‘‘കിടപ്പാടം ഒഴിച്ച് സിനിമയിൽ നിന്നുണ്ടാക്കിയതെല്ലാം പോകും.’’
ഈ വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. രമേഷ് പിഷാരടി ഉൾപ്പെടെയുള്ളവർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. “ഒരു പാൻ ഇന്ത്യൻ ചിന്താഗതി. എങ്ങനെ സമാധാനിപ്പിക്കണം എന്നെനിക്കറിയില്ല,” എന്നാണ് രമേഷ് കുറിക്കുന്നത്.
അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്മി, ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. അഭിനയം, നിർമ്മാണം എന്നതിനൊപ്പം തന്നെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയതും അനൂപ് മേനോൻ ആണ്.