പുതിയ ചിത്രം അനൗൺസ് ചെയ്ത് നടൻ അനൂപ് മേനോൻ. ട്രിവാൻഡം ലോഡ്ജിനു ശേഷം അനൂപ് മേനോനും വികെ പ്രകാശും പുതിയ ചിത്രത്തിനായി കൈകോർക്കുകയാണ്. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ‘ഒരു നാൽപ്പതുകാരന്റെ ഇരുപത്തൊന്നുകാരി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രിയവാര്യർ ആണ് നായിക. അനൂപ് മേനോനാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.
താനാദ്യമായി സംവിധാനം ചെയ്ത ‘കിങ് ഫിഷ്’ എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് അനൂപ് മേനോൻ ഇപ്പോൾ. നടനും തിരക്കഥാകൃത്തുമൊക്കെയായ അനൂപ് മേനോൻ ആദ്യമായി സംവിധാനരംഗത്തേക്ക് കടന്ന ചിത്രമാണ് ‘കിങ് ഫിഷ്’. വളരെ ആകസ്മികമായാണ് ഈ ദൗത്യം ഏറ്റെടുക്കേണ്ടി വന്നതെന്നാണ് ഇതിനെ കുറിച്ച് അനൂപ് മേനോൻ പറഞ്ഞത്. മുൻപ് ‘കിങ് ഫിഷ്’ വി.കെ. പ്രകാശ് സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മറ്റൊരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വികെ പ്രകാശ് തിരക്കായതോടെ സംവിധായകന്റെ വേഷം അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു. സംവിധായകൻ രഞ്ജിത്തും ഒരു പ്രധാന റോളിൽ ചിത്രത്തിലുണ്ട്. ദശരഥ വർമ എന്ന കഥാപാത്രത്തെ രഞ്ജിത്തും നെയ്മീൻ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്കര വർമയെന്ന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിക്കുന്നു.
മഹാദേവൻ തമ്പി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയാണ് നായിക. സംഗീതം രതീഷ് വേഗയും കലാസംവിധാനം ദുന്ദുവും നിർവ്വഹിക്കും. ധനേഷ് ആനന്ദ്, ലാൽ ജോസ്, ഇർഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റാന്നി, കുട്ടിക്കാനം, എറണാകുളം , ബെഗളൂരു, ദുബായ് എന്നിവിടങ്ങളായിരുന്നു സിനിമ ചിത്രീകരിച്ചത്.
Read more: ഒന്നിച്ച് സ്വപ്നം കണ്ടു വളർന്നവർ; സൗഹൃദ ചിത്രവുമായി അനൂപ് മേനോൻ