നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലെല്ലാം മലയാളസിനിമയിൽ തന്റെ കയ്യൊപ്പു ചാർത്തിയ കലാകാരനാണ് അനൂപ് മേനോൻ. അവതാരകനായി തന്റെ കരിയർ തുടങ്ങിയ അനൂപ് മേനോൻ പിന്നീട് ടെലിവിഷൻ സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടം കവർന്നത്. ശ്യാമപ്രസാദിന്റെ ‘ശമനതാളം’ എന്ന സീരിയലിലൂടെയായിരുന്നു അനൂപ് മേനോന്റെ തുടക്കം. ‘കാട്ടുചെമ്പകം’ ആയിരുന്നു ആദ്യ സിനിമ. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥകൾ തയ്യാറാക്കി തിരക്കഥാകൃത്ത് എന്ന രീതിയിലും അനൂപ് തന്റെ പ്രതിഭ തെളിയിച്ചു. ‘കിങ് ഫിഷ്’ എന്ന ചിത്രത്തിലൂടെ സംവിധായകനായും അനൂപ് അരങ്ങേറ്റം കുറിച്ചു.
ഒരിക്കൽ പഠിക്കാൻ ഏറെ ആഗ്രഹിച്ച പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അതിഥിയായി എത്താൻ സാധിച്ചതിലുള്ള സന്തോഷം പങ്കിടുകയാണ് അനൂപ് മേനോൻ ഇപ്പോൾ.
‘ഓ സിൻഡ്രെല്ല’ ആണ് അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ അനൂപ് മേനോൻ ചിത്രം. നർത്തകിയും ബിഗ് ബോസ് നാലാം സീസണിലെ ടൈറ്റിൽ വിന്നറുമായ ദിൽഷ പ്രസന്നൻ ആണ് ചിത്രത്തിലെ നായിക. അനൂപ് മേനോൻ സ്റ്റോറീസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ അജു വർഗീസും അനൂപ് മേനോനും പ്രധാന വേഷങ്ങളിലെത്തുന്നു.
” എന്റെ അരങ്ങേറ്റ ചിത്രം, ഓ സിൻഡ്രെല്ല. എല്ലാറ്റിനും ആദ്യം ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവൻ തമ്പി ചേട്ടന് നന്ദി. ഈ മനോഹരമായ ഓപ്പണിംഗിന് അനൂപ് ഏട്ടനും നന്ദി. എന്നെ വിശ്വസിച്ചതിനും മുന്നോട്ടു നയിച്ചതിനും നന്ദി. നിങ്ങളൊരു അത്ഭുത മനുഷ്യനാണ്. എല്ലാവരുടെയും പിന്തുണയും വേണം”, എന്നാണ് ദില്‍ഷ സിനിമ അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞത്.
മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ ആദ്യമായി ടൈറ്റിൽ വിന്നറായ വനിതാ മത്സരാർത്ഥി എന്ന വിശേഷണവും ദിൽഷയ്ക്ക് സ്വന്തമാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ദില്‍ഷ ശ്രദ്ധിക്കപ്പെട്ടത്. ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയുടെയും ഭാഗമാണ് ദിൽഷ.