കഴിഞ്ഞ ദിവസമാണ് കയ്യിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയതിന്റെ ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഷൂട്ടിങ്ങിനിടെ പറ്റിയതാണെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാൽ പിന്നീടാണ് കുടുംബവുമൊത്ത് വിദേശത്ത് അവധി ആഘോഷത്തിന് പോയപ്പോൾ സംഭവിച്ചതാണെന്ന് വ്യക്തമായത്. മോഹൻലാലിന്റെ പരുക്കിനെ കുറിച്ച് ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ അനൂപ് മേനോൻ.

Read More: മോഹൻലാലിന്റെ കൈയ്ക്ക് ശസ്ത്രക്രിയ, ചിത്രം പങ്കുവച്ച് താരം

അനൂപ് മേനോന്റെ പോസ്റ്റിന്റെ പൂർണരൂപം:

സംവിധായകൻ സിദ്ധിഖിന്റെ ‘ബിഗ് ബ്രദർ’ എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു. എനിക്ക് വൈകുന്നേരമേ ഷൂട്ട്‌ ഉള്ളൂ. ഞാൻ സെറ്റിൽ എത്തിയപ്പോൾ അവിടെ ലാലേട്ടൻ ഉണ്ട്. കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീൻ ഷൂട്ട്‌ ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം. ഞാൻ കൈ കൊടുത്തപ്പോൾ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിൻവലിച്ചു. ‘എന്തു പറ്റി’ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയിൽ കുടുംബവും ഒന്നിച്ചു ദുബായിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. അവിടെ വെച്ചൊന്നു വീണു. കൈക്ക് ഒരു ചെറിയ hairline fracture ഉണ്ടത്രെ.

‘ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും ഫൈറ്റ് ചെയ്തത് എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഈ പോസ്റ്റിന് കാരണം.

“എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്. ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം. നിർമാതാവിന് എത്ര കാശായിരിക്കും പോവുന്നത്. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം. നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത്. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ. കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം.

സിനിമാട്ടോഗ്രാഫർ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോൾ ‘ചേർത്തല ഗോഡൗണിൽ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ’ എന്ന് മാത്രമാണ്‌ പറഞ്ഞത്. അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരുക്കിനെ പറ്റി. അറിയിച്ചിട്ടില്ല ലാലേട്ടൻ.

ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കയ്യിൽ ബാൻഡേഡ് ഉണ്ട്. സർജറി കഴിഞ്ഞു എന്നു പറഞ്ഞു. അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ.

പ്രിയപ്പെട്ട ലാലേട്ടാ, ഇടയ്ക്കെങ്കിലും ഒന്ന് മൂഡ് ഔട്ട് ഒക്കെ ആവണം. നിർമ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവർത്തകർക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം. ഇല്ലെങ്കിൽ, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങൽ ഒരു വലിയ ബാധ്യതയായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook