രജനീകാന്തിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രമാണ് ‘അണ്ണാതെ’. നയൻതാര, കീർത്തി സുരേഷ്, മീന, ഖുശ്ബു എന്നിങ്ങനെ നായികമാരുടെ ഒരു നിര തന്നെ ചിത്രത്തിലുണ്ട്. ഇപ്പോഴിതാ, ചിത്രത്തിലെ മനോഹരമായൊരു ഗാനമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ‘മരുധാനി’ എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ രജനികാന്തിനൊപ്പം മീന, ഖുശ്ബു, കീർത്തി സുരേഷ് എന്നീ നായികമാരെയും കാണാം.
തമിഴകത്തെ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ശിവയാണ് അണ്ണാതെയുടെ സംവിധായകന്‍. പ്രകാശ് രാജ്, സൂരി, സതീഷ്, ജഗപതി ബാബു എന്നിവരാണ് അണ്ണാതെയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഡി ഇമാന്‍ ആണ്. മണി അമുധൻ ആണ് ‘മരുഘാനി’ എന്നു തുടങ്ങുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. നകാസ് ആസിസ്, അന്തോണി ദാസൻ, വന്ദന ശ്രീനിവാസൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രത്തിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവാഹത്തിന്റെ പശ്ചാത്തലത്തിൽ വരുന്നൊരു ഗാനമാണിത്. രജനീകാന്തിന്റെ സഹോദരി വേഷമാണ് ചിത്രത്തിൽ കീർത്തിയ്ക്ക് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒരുകാലത്ത് രജനീകാന്തിന്റെ ഹിറ്റ് ചിത്രങ്ങളിലെ നായികമാരായിരുന്ന ഖുശ്ബുവും മീനയും ഈ ചിത്രത്തിലും രജനിയ്ക്ക് ഒപ്പം പ്രത്യക്ഷപ്പെടുന്നത് ആരാധകരിലും കൗതുകമുണർത്തുകയാണ്.
ദീപാവലിയോട് അനുബന്ധിച്ച് നവംബർ നാലിന് ചിത്രം തിയേറ്ററുകളിൽ എത്തും.