ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘അണ്ണാത്തെ’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കോവിഡ് കാലത്തിനു ശേഷമുള്ള ബിഗ് റീലിസിനു ഗംഭീര വരവേൽപാണ് ലഭിക്കുന്നത്.
മഴയും പ്രതികൂല കാലാവസ്ഥയുമെല്ലാം അവഗണിച്ചു ദീപാവലി ദിനത്തിൽ പുലർച്ചെ മുതൽ തിയേറ്ററുകളിലേക്ക് വൻ ജനപ്രവാഹമാണ്. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പടക്കം പൊട്ടിച്ചും ബാൻഡ് കൊട്ടിയും തിയേറ്ററുകളെ വീണ്ടും പഴയ ആവേശത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ആരാധകർ.
Also Read: വിജയ് സേതുപതിയുടെയും സഹായികളുടെയും പിറകെ വന്ന് തൊഴിച്ചു വീഴ്ത്താൻ ശ്രമം; അജ്ഞാതനെ തടഞ്ഞ് സഹായികൾ-വീഡിയോ
നയൻതാര, കീർത്തി സുരേഷ്, മീന, ഖുശ്ബു എന്നിങ്ങനെ നായികമാരുടെ ഒരു നിര തന്നെ ചിത്രത്തിലുണ്ട്. തമിഴകത്തെ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ശിവയാണ് അണ്ണാത്തെയുടെ സംവിധായകന്‍. പ്രകാശ് രാജ്, സൂരി, സതീഷ്, ജഗപതി ബാബു എന്നിവരാണ് അണ്ണാത്തെ യിലെ മറ്റു പ്രധാന അഭിനേതാക്കൾ.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ‘മരുധാനി’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് രണ്ടാഴ്ച മുൻപ് ഇറങ്ങിയത്. ചിത്രത്തിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവാഹത്തിന്റെ പശ്ചാത്തലത്തിൽ വരുന്നൊരു ഗാനമാണിത്.
ഗാനരംഗത്തിൽ രജനീകാന്തിനൊപ്പം മീന, ഖുശ്ബു, കീർത്തി സുരേഷ് എന്നീ നായികമാരെയും കാണാം. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഡി.ഇമാന്‍ ആണ്. മണി അമുധൻ ആണ് ‘മരുഘാനി’ എന്നു തുടങ്ങുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. നകാസ് ആസിസ്, അന്തോണി ദാസൻ, വന്ദന ശ്രീനിവാസൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.