ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് വളരെ കുറച്ചു ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് അന്ന ബെൻ. വളരെ ചെറിയ സമയം കൊണ്ടുതന്നെ മലയാളസിനിമയിൽ തന്റേതായ ഇടം ഒരുക്കിയെടുത്ത അന്നയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് അവിടെയും വളരെ സജീവമാണ് താരം.
കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം ഫോളോവെഴ്സിന് തന്നോട് ചോദ്യങ്ങൾ ചോദിക്കാനുള്ള ഒരു അവസരം അന്ന നൽകിയിരുന്നു. അതിൽ ഒരാൾ ചോദിച്ച ചോദ്യവും അതിനു അന്ന നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “നസ്രിയയിൽ നിന്ന് ഒരു കാര്യം മോഷ്ടിക്കാൻ കഴിഞ്ഞാൽ എന്തായിരിക്കും അതെന്നാണ് ഒരാൾ ചോദിച്ചത്. അതിന്, “ഒന്നും മോഷ്ടിക്കില്ല, എന്നാൽ ചുമ്മാ ഇരുന്ന് വർത്തമാനം പറയാൻ ആഗ്രഹിക്കുന്നു, കാരണം അവർ ഒരു സ്റ്റാറാണ്”എന്നായിരുന്നു അന്നയുടെ മറുപടി. അന്ന ബെന്നിന്റെ മറുപടി ഇഷ്ടപ്പെട്ട നസ്രിയയും അത് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.

ടോവിനോ തോമസ് നായകനായ ആഷിഖ് അബു ചിത്രം നാരദൻ, വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് എന്നിവയാണ് അന്ന ബെനിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ. രഞ്ജൻ എബ്രഹാമിന്റെ പേരിടാത്ത ചിത്രത്തിലും ‘വികൃതി’ എന്ന ചിത്രത്തിന്റെ സംവിധായകൻ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ‘എന്നിട്ട് അവസാനം ‘ എന്ന ചിത്രത്തിലുമാണ് അന്ന അഭിനയിച്ചുകൊണ്ടിരിക്കുന്നത്.