കുമ്പളങ്ങി നെെറ്റ്സ്, ഹെലൻ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അന്ന ബെന്നും മൂത്തോനിലൂടെ ശ്രദ്ധനേടിയ റോഷൻ മാത്യുവും ഒന്നിക്കുന്ന ‘കപ്പേള’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറക്കി. നടൻ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. ഒരു മിനിറ്റ് ദെെർഘ്യമുള്ള ട്രെയ്ലർ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖില്‍ വാഹിദും മുസ്തഫയും സുധാസും ചേര്‍ന്നാണ്.
Read Also: ഒന്നര വയസുകാരനെ കൊന്നത് എറിഞ്ഞും ശ്വാസംമുട്ടിച്ചും; യുവതിയെ കുടുക്കിയതു മണൽത്തരികൾ
പ്രണയ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയായിരിക്കും ‘കപ്പേള’യെന്നാണ് ട്രെയ്ലറിൽ നിന്നു വ്യക്തമാകുന്നത്. ശ്രീനാഥ് ഭാസിയുടെ കലിപ്പൻ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കുമ്പളങ്ങിയിലൂടെയും ഹെലനിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച അന്ന ബെന്നും മൂത്തോനിലൂടെ ഏറെ നിരൂപക പ്രശംസ നേടിയ റോഷനും യുവാക്കളുടെ ഇഷ്ടതാരം ശ്രീനാഥ് ഭാസിയും ഒന്നിക്കുമ്പോൾ മികച്ച സിനിമ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പ്രേക്ഷകർ.
കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണു നിർമ്മിക്കുന്ന സിനിമയിൽ അന്നാ ബെൻ, റോഷൻ മാത്യു എന്നിവർക്കു പുറമേ ശ്രീനാഥ് ഭാസി, സുധി കോപ്പ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണവും, നൗഫൽ അബ്ദുള്ള ചിത്രസംയോജനവും സുഷിൻ ശ്യാം സംഗീതസംവിധാനവും നിർവ്വഹിക്കുന്നു.