മൂന്ന് ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും സംവിധായികയായും മലയാള സിനിമയുടെ പുതുനിരയില്‍ സ്വന്തമായ ഇടം കണ്ടെത്തിയ ആളാണ് അഞ്ജലി മേനോന്‍. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തിന്‍റെ തിരക്കഥയും അഞ്ജലി തന്നെയാണ് നിര്‍വഹിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയായി പാര്‍വ്വതിയായിരിക്കുമെത്തുക എന്നും മറ്റൊരു പധാന കഥാപാത്രത്തില്‍ നസ്രിയ എത്തുമെന്നും സിനിമാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.  ഇതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ഉണ്ടായിട്ടില്ല.

നസ്രിയ, അഞ്ജലി – കടപ്പാട് ഫേസ് ബുക്ക്‌

വിവാഹത്തിനു ശേഷം നസ്രിയ വീണ്ടും അഭിനയിക്കുന്നു എന്ന വാര്‍ത്ത സിനിമാപ്രേമികളുടെ ഇടയില്‍ വലിയ ഓളം സൃഷ്ടിച്ചിട്ടുണ്ട്.  വരും ദിവസങ്ങളിൽ സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ ആരംഭിക്കും എന്നും വിവരം ലഭിക്കുന്നു.  രജപുത്ര വിഷ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രം തുടങ്ങുന്നതിനെക്കുറിച്ച് അഞ്ജലി മേനോന്‍ ഫേസ് ബുക്കില്‍ ‘മഞ്ഞു പടലങ്ങളില്‍ പൊതിഞ്ഞ സ്വപ്നങ്ങളും പ്രതീക്ഷകളും’ എന്ന്  കുറിച്ചു.

ആദ്യ ചിത്രമായ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. മഞ്ചാടിക്കുരുവില്‍ അതിഥി വേഷത്തിലെത്തിയ പൃഥ്വി ചിത്രത്തിലെ കഥ പറച്ചിലുകാരന്‍ കൂടിയായിരുന്നു. വിക്കി എന്ന കഥാപാത്രത്തെയാണ് മഞ്ചാടിക്കുരുവില്‍ പൃഥ്വി അവതരിപ്പിച്ചത്. വിക്കിയുടെ ഓര്‍മ്മകളിലൂടെയായിരുന്നു ഈ ചിത്രം. അഞ്ജലിയുമൊന്നിച്ചുള്ള പുതിയ ചിത്രത്തില്‍ തന്‍റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ 12നും 15നും ഇടയിലുള്ള ആണ്‍കുട്ടിയെ തിരയുന്നുവെന്ന് പറഞ്ഞുകൊണ്ട് പൃഥ്വിരാജ് നേരത്തേ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

മലയാളി പ്രേക്ഷകരുടെ പള്‍സറിയാവുന്ന സംവിധായികയാണ് അഞ്ജലി മേനോന്‍. മഞ്ചാടിക്കുരു എന്ന തന്റെ ആദ്യ സിനിമയിലൂടെ ഗൃഹാതുരതയും ബന്ധങ്ങളുടെ മൂല്യവും അനുഭവപ്പെടുത്തിയ അഞ്ജലി മേനോന്‍ രണ്ടാം ചിത്രത്തില്‍ തിരക്കഥാകൃത്തിന്റെ റോളിലായിരുന്നു. ഉസ്താദ് ഹോട്ടല്‍ എന്ന അന്‍വര്‍ റഷീദ് ചിത്രം. മൂന്നാമത്തെ സംവിധാന സംരംഭത്തില്‍ മലയാളത്തിലെ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുള്ള വിജയവും അഞ്ജലി സ്വന്തമാക്കി.

അഞ്ജലി, പാര്‍വ്വതി, കോസ്റ്റും ഡിസൈനര്‍ പമ്പ ബിശ്വാസ് – കടപ്പാട് ഇന്‍സ്റ്റാഗ്രാം

അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് അഞ്ജലി സംവിധാനം ചെയ്ത ബാംഗ്ലൂള്‍ ഡേയ്സിലൂടെ മലയാളത്തിലെ മുന്‍നിര യുവതാരങ്ങളായ ഫഹദും ദുല്‍ഖറും നിവിനും ഒരുമിച്ചെത്തുകയും ചെയ്തിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സില്‍ പാര്‍വതിയും നസ്രിയയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രം വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. പിന്നീട് മറ്റു ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു. ഈ ടീം വീണ്ടുമൊന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്.

ഈ മാസം അവസാനമോ അടുത്തമാസം ആദ്യ വാരമോ ആയി സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. പൃഥ്വിരാജിനെ നായകനാക്കി പുതുമഖ സംവിധായകന്‍ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന രണം എന്ന സിനിമയുടെ ചിത്രീകരണം യുഎസില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.  അത് തീര്‍ത്താല്‍ ഉടന്‍ പ്രിഥ്വി ഈ ചിത്രത്തിലേക്ക് കടക്കും എന്നാണറിയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook