‘വണ്ടർ വുമൺ’ എന്ന ഏറ്റവും പുതിയ ചിത്രത്തിൻെറ പ്രമോഷൻ തിരക്കിലാണ് സംവിധായിക അഞ്ജലി മേനോൻ. മറ്റു താരങ്ങളായ പാർവ്വതി, നിത്യ മേനൻ, സയനോറ, പത്മപ്രിയ, നാദിയ മൊയ്തു എന്നിവരും അഞ്ജലിയ്ക്കൊപ്പമുണ്ട്. പ്രചരണത്തിൻെറ ഭാഗമായി അഞ്ജലി നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരു സിനിമ റിവ്യൂ ചെയ്യുന്നതിനു മുൻപ് അതെങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അറിഞ്ഞിരിക്കണമെന്നും പലപ്പോഴും ഇതിനെപ്പറ്റി യാതൊരു ധാരണയുമില്ലാത്തവരാണ് റിവ്യൂ ചെയ്യുന്നതെന്നും അഞ്ജലി പറഞ്ഞു. എല്ലാം മനസ്സിലാക്കി റിവ്യൂ ചെയ്താൽ അതു മറ്റുളളവർക്കു കൂടി ഗുണം ചെയ്യുമെന്നും അഞ്ജലി കൂട്ടിച്ചേർത്തു. എന്നാൽ, തൻെറ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ അഞ്ജലി സോഷ്യൽ മീഡിയ പേജിലൂടെ ഇതു വിശദീകരിച്ചു കൊണ്ട് പോസ്റ്റ് ഷെയർ ചെയ്തിരിക്കുകയാണ്.
“വളരെ പ്രൊഫഷ്ണലായി ഫിലിം റിവ്യൂ ചെയ്താൽ അതു ചലച്ചിത്ര പ്രക്രിയയെക്കുറിച്ച് മനസ്സിലാക്കാൻ എത്രത്തോളം സഹായിക്കുമെന്നാണ് ഞാൻ അഭിമുഖത്തിൽ പറഞ്ഞത്. ഫിലിം ജേണലിസ്റ്റായ എംഡിഎം ഉദയ താര നായരെപ്പോലുള്ളവരാണ് അതിനു ഉദാഹരണം. സാധാരണകാരായ ആളുകൾ വരെ റിവ്യൂ എഴുതുന്ന കാലമാണ് അതുകൊണ്ട് പ്രൊഫഷണൽ റിവ്യൂകൾ ഉയർന്ന നിലവാരം പുലർത്തേണ്ടതാണ്. ഞാൻ പ്രേക്ഷകരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നു.സിനിമ കാണാനും വിമർശിക്കാനും അവർക്കു അവകാശമുണ്ട്. മാത്രമല്ല കാണികളിൽ നിന്നുളള അഭിപ്രായങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്. ഞാൻ പറഞ്ഞ വാക്കുകൾ ചില സംശയങ്ങളുണ്ടാക്കിയെന്നു തോന്നുന്നു അതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്” അഞ്ജലി കുറിച്ചു.
‘ഉസ്താദ് ഹോട്ടൽ’, ‘ബാംഗ്ലൂർ ഡേയ്സ്’, ‘കൂടെ’ എന്നീ ചിത്രങ്ങൾക്കു ശേഷം അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രമാണ് വണ്ടർ വുമൺ. ഗർഭിണികളുടെ കഥ പറയുന്ന ചിത്രം നവംബർ 18 നു സോണി ലിവിൽ റിലീസ് ചെയ്യും.ചിത്രത്തിൻെറ പ്രഖ്യാപനത്തിൻെറ ഭാഗമായി അഭിനേതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസിറ്റീവ് പ്രെഗ്നൻസി ടെസ്റ്റിൻെറ ചിത്രം ഏറെ വൈറലായിരുന്നു.