അഞ്ജലി മേനോന്റെ കൂടെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ബാംഗ്ലൂർ ഡെയ്സിനുശേഷം അഞ്ജലി ഒരുക്കുന്ന ചിത്രം ആരാധകരെ നിരാശരാക്കില്ലെന്ന് ഉറപ്പാണ്. തിയേറ്റർ വിട്ടിറങ്ങുമ്പോൾ മനസ്സിൽ ഓർത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ കൂടെ നൽകുമെന്നതിലും സംശയം വേണ്ടെന്നു തന്നെ കരുതാം.
ജൂലൈ 14 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയുളള വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നസ്രിയയുടെ കുസൃതിയും പൃഥ്വിരാജിന്റെ തമാശകളും വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാർവ്വതിയും രഞ്ജിത്തും വീഡിയോയിലുണ്ട്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. ഇവരെ കൂടാതെ റോഷന് മാത്യു, സിദ്ധാര്‍ത്ഥ് മേനോന്, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.