ആൺ ശരീരത്തിൽ നിന്നും തന്റെ പെണ്മയിലേക്കുള്ള യാത്രയുടെ വീഡിയോ പങ്കുവയ്ക്കുകയാണ് ട്രാൻസ്ജെൻഡറും നടിയുമായ അഞ്ജലി അമീർ. ജംഷീർ എന്ന ചെറുപ്പക്കാരനിൽ നിന്നും അഞ്ജലിയായി മാറിയതു വരെയുള്ള കാലഘട്ടത്തെ ചിത്രങ്ങളിലൂടെ ആവിഷ്കരിക്കുകയാണ് വീഡിയോ.
കോഴിക്കോട് താമരശ്ശേരിയിലെ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലാണ് അഞ്ജലി ജനിച്ചത്. ഉമ്മ ചെറുപ്പത്തിലെ മരിച്ച അഞ്ജലി പത്താം ക്ലാസ്സ് പാസായതോടെയാണ് തന്നിലെ സ്ത്രീത്വത്തെ തിരിച്ചറിയുന്നത്. “എപ്പോഴും എനിക്കൊരു സ്ത്രീയുടെ മനസ്സായിരുന്നു ഉണ്ടായിരുന്നത്. മനസ്സും ശരീരവും പൊരുത്തപ്പെടാനാവാതെ കുറേക്കാലം കഷ്ടപ്പെട്ടു. പത്താം ക്ലാസ്സ് പാസ്സായതോടെ ഞാനെന്നിലെ പെണ്മയെ അംഗീകരിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ നാട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊക്കെ എന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അപമാനങ്ങള്‍ സഹിക്കാന്‍ കഴിയാതെ പതിനെട്ടാം വയസ്സില്‍ നാടുവിട്ടതാണ് ഞാന്‍. കോയമ്പത്തൂരിലെയും ബാംഗ്ലൂരിലെയും ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റികള്‍ക്കൊപ്പമാണ് ഞാന്‍ പിന്നീട് കുറേകാലം ജീവിച്ചത്,” ഒരു അഭിമുഖത്തിൽ തന്റെ അനുഭവങ്ങൾ അഞ്ജലി തുറന്നു പറഞ്ഞതിങ്ങനെ.
അഞ്ജലിയുടെ ജീവിതം അഭ്രപാളികളിലും ആവിഷ്കരിക്കപ്പെടുകയാണ്. അഞ്ജലി കടന്നുവന്ന ജീവിതം സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് സുഹൃത്തായ ഡെനി ജോര്‍ജ്. ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വി കെ അജിത്കുമാര്‍ ആണ്.
Read more: സിനിമയും കാറും കഴിഞ്ഞാൽ പൃഥ്വിയുടെ ഒരേയൊരു ഇഷ്ടം… സുപ്രിയ പറയുന്നു