സഹതാരങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെ വസ്ത്രങ്ങൾ മോഷ്ടിക്കുന്ന ശീലം തനിക്കുണ്ടെന്ന് ബോളിവുഡ് താരം അനിൽ കപൂർ വെളിപ്പെടുത്തിയിരുന്നു. ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത ‘ദി നൈറ്റ് മാനേജർ’ എന്ന ഷോയിൽ താരം അണിഞ്ഞത് തന്റെ ഫിസിയോതെറാപ്പിസ്റ്റിന്റെ വസ്ത്രമാണ്. 25 വർഷങ്ങൾക്കു മുൻപ് സമാന രീതിയുലുണ്ടായ സംഭവം ഓർത്തെടുക്കുകയാണ് താരം. പ്രിയദർശൻ സംവിധാനം ചെയ്ത ‘വിരാസത്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് ജാക്കി ഷെറഫിന്റെ ട്രൗസർ താൻ അടിച്ചുമാറ്റിയിട്ടുണ്ടെന്നാണ് അനിൽ കപൂർ പറയുന്നത്.
ആരുടെയെങ്കിലും വസ്ത്രം കണ്ട്, അതിഷ്ടപ്പെട്ടാൽ ചോദിച്ചു വാങ്ങുന്നതിലും തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും താരം പറയുന്നു.” വിരാസത് എന്ന ചിത്രത്തിൽ ഞാൻ ജാക്കി ഷെറഫിന്റെ ട്രൗസറാണ് അണിഞ്ഞത്. എനിക്കതിഷ്ടപ്പെട്ടെന്നും ധരിക്കാൻ താത്പര്യമുണ്ടെന്നും ജാക്കിയോട് പറഞ്ഞു. പിറ്റേ ദിവസം തന്നെ അദ്ദേഹം എനിക്കത് അയച്ചു തന്നു. പല തവണ തിരിച്ചു ചോദിച്ചെങ്കിലും ഇതുവരെ ഞാൻ അത് നൽകിയിട്ടില്ല” അനിൽ കപൂറിന്റെ വാക്കുകളിങ്ങനെ.
മക്കളായ സോനം, റിയ എന്നിവരുടെ വസ്ത്രങ്ങളും താൻ അണിയാറുണ്ടെന്ന് താരം പറഞ്ഞു. എല്ലാവർക്കും ഒരുപോലെ അണിയാവുന്ന യൂണിസെക്സ് വസ്ത്രങ്ങളിപ്പോൾ ഉണ്ടല്ലോ? ഞങ്ങൾ തമ്മിൽ വസ്ത്രങ്ങൾ മാറി ഉപയോഗിക്കാറുണ്ട്.
ശോഭിത ദുലിപാല, ആദിത്യ റോയ് കപൂർ എന്നിവർക്കൊപ്പമുള്ള ‘ദി നൈറ്റ് മാനേജർ’ എന്ന ഷോയിലാണ് അനിൽ കപൂർ അവസാനമായി അഭിനയിച്ചത്. സിദ്ധാർത്ഥ് ആനന്ദ് ചിത്രം ‘ഫൈറ്റർ’, സന്ദീപ് റെഡ്ഡി വാങ്കയുടെ ‘ആനിമൽ’ എന്നിയാണ് അനിൽ കപൂറിന്റെ പുതിയ ചിത്രങ്ങൾ.