ബാലതാരമായി സിനിമാലോകത്തെത്തി ഇപ്പോൾ ‘കപ്പേള’യുടെ തെലുങ്ക് പതിപ്പായ ‘ബുട്ട ബൊമ്മ’യിലൂടെ നായികയാവാൻ ഒരുങ്ങുകയാണ് അനിഘ സുരേന്ദ്രൻ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. പതിനെട്ടാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി അനിഘ ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ’18’ എന്ന അടികുറിപ്പോടെ അനിഘ പങ്കുവച്ച ചിത്രത്തിനു താഴെ ‘ഞങ്ങൾക്കിപ്പോഴും ചെറിയ കുട്ടി തന്നെയാണ് അനിഘ’ എന്ന കമൻറുകളാണ് നിറയുന്നത്. ബ്ലാക്ക് ഗൗൺ അണിഞ്ഞ് സുന്ദരിയായിരിക്കുന്ന അനിഘയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
2010 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഘ എന്ന ബാലതാരം ശ്രദ്ധിക്കപ്പെടുന്നത്.പിന്നീട് ‘ഫോർ ഫ്രണ്ട്സ്’, ‘റേയിസ്’, ‘ബാവൂട്ടിയുടെ നാമത്തിൽ’, ‘5 സുന്ദരികൾ’, ‘നീലാകാശം പച്ചകടൽ ചുവന്നഭൂമി’ തുടങ്ങിയ ചിത്രങ്ങളിൽ അനിഘ അഭിനയിച്ചു. ‘5 സുന്ദരികൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള സംസ്ഥാന പുരസ്കാരവും അനിഘയെ തേടിയെത്തിയിരുന്നു.
മലയാള ചിത്രങ്ങളിലേക്കാളും തമിഴ് ചലച്ചിത്ര ലോകത്താണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ അനിഘ ചെയ്തത്. ‘യെന്നൈയ് അറിന്താൽ’, ‘നാനും റൗഡിതാൻ’, ‘മിരുതൻ’, ‘വിശ്വാസം’ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിൽ അനിഘ തന്റെ സാന്നിധ്യം അറിയിച്ചു.മലയാള ചിത്രം ‘ഓ മൈ ഡാർലിങ്’, തെലുങ്ക് ചിത്രം ‘ബുട്ട ബൊമ്മ’ എന്നിവയാണ് അനിഘയുടെ പുതിയ ചിത്രങ്ങൾ.