കൊച്ചി: ബിജെപിയുടെ അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ് ജനം. സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിന് മുന്നില്‍ വച്ച് സ്വയം തീ കൊളുത്തിയ മദ്ധ്യവയസ്‌കന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ അക്ഷരാര്‍ത്ഥത്തില്‍ വലഞ്ഞിരിക്കുന്നത് മോഹന്‍ലാല്‍ ചിത്രമായ ഒടിയന് വേണ്ടി നാളുകളായി കാത്തിരുന്ന ആരാധകരാണ്. നാളെയാണ് ഒടിയന്‍ റിലീസ് ചെയ്യുന്നത്.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ കേരളത്തിലെ ആരാധകര്‍ക്ക് നാളെ ഒടിയന്‍ കാണണമെങ്കില്‍ വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വരും. ഇതോടെ ഹര്‍ത്താലിനെതിരെ മോഹന്‍ലാല്‍ ആരാധകര്‍ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. ബിജെപി കേരളയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ആരാധകരുടെ പ്രതിഷേധം ആളിക്കത്തുന്നത്.

Read More: ഒടിയന് ‘ഒടിവെച്ച്’ ബിജെപി ഹര്‍ത്താല്‍; മലയാളി പ്രേക്ഷകര്‍ കാത്തിരിക്കണം

ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് ബിജെപിയ്‌ക്കെതിരെ പേജില്‍ കമന്റ് ചെയ്തിരിക്കുന്നത്. ഹര്‍ത്താല്‍ മാറ്റി വെക്കണമെന്നും അല്ലാത്ത പക്ഷം കേരളത്തില്‍ ബിജെപി ഇല്ലാതാകുമെന്നുമാണ് ആരാധകര്‍ പറയുന്നത്.

‘ഞാനൊരു പാര്‍ട്ടി അനുഭാവി ആണ്. ദയവ് ചെയ്തു നാളത്തെ ഹര്‍ത്താല്‍ പിന്‍വലിയ്ക്കണം. പ്‌ളീസ്. ഈ മരണത്തില്‍ പ്രതിഷേധം ഉയര്‍ന്നു വരേണ്ടത് ആവശ്യം തന്നെയാണ്. പക്ഷെ ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്ന ഈ ഹര്‍ത്താല്‍ ഒഴിവാക്കണം. ഒത്തിരി വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ അവതാളത്തിലാകും. അതിലുപരി ഒരു ലാലേട്ടന്‍ ആരാധകന്‍ കൂടിയായ എനിക്ക് ഒടിയന്റെ റിലീസ് ദിവസം വയ്ക്കുന്ന ഹര്‍ത്താലിനോട് യോജിയ്ക്കാന്‍ പറ്റുന്നില്ല. ഇപ്പോള്‍ ഈ പാര്‍ട്ടിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ട്. അത് നശിപ്പിയ്ക്കരുത്. ജനങ്ങളുടെ കയ്യടിയും പിന്തുണയും നേടി മാത്രമേ ഒരു പാര്‍ട്ടിയ്ക്ക് മുന്നോട്ടു പോകാന്‍ പറ്റൂ… ഈ ഒരു ഹര്‍ത്താലിന്റെ പേരില്‍ അത് നശിപ്പിയ്ക്കരുത്.’ എന്ന് അബിന്‍ രാജ് എന്നയാള്‍ കമന്റ് ചെയ്തിരിക്കുന്നു.

Read Also: ബോക്സോഫീസ്‌ കാത്തിരിക്കുന്ന ‘ഒടിയന്‍’ മാജിക്ക്

ഇത്തരത്തില്‍ നിരവധി ആരാധകരാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം അറിയിച്ചെത്തുന്നവരില്‍ ബിജെപി പ്രവര്‍ത്തകരുമുണ്ടെന്നാണ് വാസ്തവം. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷത്തിന് ഒടിവെക്കാനുള്ള തീരുമാനത്തിനെതിരെ എല്ലാ സിനിമാപ്രേമികളും ശക്തമായിത്തന്നെ പ്രതികരിക്കുക എന്നാണ് മറ്റൊരാളുടെ പ്രതികരണം.
അതേസമയം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്തു വന്നിട്ടുണ്ട്. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി. മരിക്കുന്നതിന് തൊട്ടു മുന്‍പ് പൊലീസ് രേഖപ്പെടുത്തിയ മൊഴിയാണ് ഇത്.

Read Also: വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്; ശബരിമല പ്രശ്നമോ പ്രതിഷേധമോ മൊഴിയില്‍ പറയുന്നില്ല

ഇന്നു പുലര്‍ച്ചെയാണ് സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപിയുടെ സമരപ്പന്തലിന് മുന്നില്‍ മുട്ടട സ്വദേശി വേണുഗോപാല്‍ നായര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയശേഷം ഇയാള്‍ സമരപ്പന്തലിലേക്ക് ഓടിയടുക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ഇയാളെ തടയാനും തീ അണയ്ക്കാനും ശ്രമം നടത്തി. ശരീരമാസകലം ഗുരുതരമായി പൊളളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ