/indian-express-malayalam/media/media_files/uploads/2023/08/Angelina-Jolie.jpg)
ആഞ്ജലീന ജോളി
ലോകസിനിമയിലെ തന്നെ ഏറ്റവും സക്സസ്സ്ഫുൾ നടിമാരിൽ ഒരാളാണ് ഹോളിവുഡ് താരമായ ആഞ്ജലീന ജോളി. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെന്ന രീതിയിൽ ആഞ്ജലീനയെ നോക്കി കാണുന്ന കോടിക്കണക്കിന് ആരാധകരും അവർക്കുണ്ട്. ഹോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരറാണിയും മറ്റാരുമല്ല. പുറമെ നിന്നു നോക്കുന്നവരെ സംബന്ധിച്ച് സ്വപ്നസമാനമാണ് ആഞ്ജലീന ജോളിയുടെ ജീവിതം.
എന്നാൽ മറ്റാർക്കും എത്തിപ്പിടിക്കാനാവാത്ത അത്രയും ഉയരത്തിൽ, പ്രശസ്തിയുടെയും സമ്പന്നതയുടെയും ഔന്നിത്യത്തിൽ നിൽക്കുന്ന ആഞ്ജലീന ജോളി ഒരിക്കൽ മരിക്കാൻ തീരുമാനിച്ചു. തന്നെ കൊല്ലാനായി ഒരു വാടക കൊലയാളിയേയും ഏർപ്പാടാക്കി. ഓകെ ഡയറിയോ പോഡ്‌കാസ്റ്റിന്റെ 'ലെവന്റേറ്റ് ഓകെ'യെന്ന പരിപാടിയ്ക്കിടയിലാണ് ആഞ്ജലീന ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും താൻ കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങളെ അനുഭവിച്ചിട്ടുണ്ടെന്നും പലതവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും ആഞ്ജലീന വെളിപ്പെടുത്തി. എന്തായിരുന്നു ആഞ്ജലീന ജോളിയുടെ ആ തീരുമാനത്തിനു പിന്നിലെ കാരണം?
ആത്മഹത്യാ പ്രവണത പലപ്പോഴായി മനസ്സിനെ കുഴക്കിയപ്പോൾ, ഇനി തുടരാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ, സ്വയമേവ മരണം വരിക്കാം എന്ന തോന്നലിൽ താനൊരു വാടകകൊലയാളിയെ നിയോഗിച്ചുവെന്നും ആഞ്ജലീന പറയുന്നു.
"ഒരാളുടെ ആത്മഹത്യ അയാളുടെ ചുറ്റുമുള്ള ആളുകളിൽ കുറ്റബോധമുണ്ടാക്കും, മരണപ്പെട്ടവർക്കായി എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന ചിന്തയും അവരെ അലട്ടും. എന്നാൽ ഒരാളെ ആരെങ്കിലും കൊന്നാൽ, ആരിലും യാതൊരു തരത്തിലുള്ള കുറ്റബോധവും ഉണ്ടാവില്ല. അതിനാലാണ് താനൊരു കൊലയാളിയെ വാടകയ്ക്ക് എടുക്കാമെന്നു തീരുമാനിച്ചത്," വിചിത്രമായ തീരുമാനത്തിലേക്ക് തന്നെ എത്തിച്ചതിനു പിന്നിലെ കാരണത്തെ കുറിച്ച് ആഞ്ജലീന പറഞ്ഞതിങ്ങനെ.
എന്നാൽ ആ തീരുമാനത്തിൽ നിന്നും തന്റെ മനസ്സു മാറ്റിയത് അതേ വാടക കൊലയാളി തന്നെയായിരുന്നുവെന്നും ആഞ്ജലീന പറയുന്നു. "അയാളൊരു മാന്യനായിരുന്നു. ഞാനെന്റെ ആവശ്യം ഉന്നയിച്ചപ്പോൾ ഒന്നുകൂടി നന്നായി ആലോചിച്ചിട്ട് രണ്ടുമാസത്തിനുള്ളിൽ തിരിച്ചുവിളിക്കൂ എന്ന് അയാൾ പറഞ്ഞു. ആ ആലോചനയിൽ എന്റെ ജീവിതത്തിൽ എന്തോ മാറ്റം വന്നു, എനിക്ക് പരിഹരിക്കാവുന്നതേയുള്ളൂ എന്റെ പ്രശ്നങ്ങളെന്ന് ഞാൻ തിരിച്ചറിഞ്ഞു.
1975 ജൂൺ 4ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ആണ് ആഞ്ജലീന ജനിച്ചത്. ഹോളിവുഡിലെ ഒരു പ്രമുഖ കുടുംബത്തിൽ നിന്നുമാണ് ആഞ്ജലീന വരുന്നത്. അഭിനേതാക്കളായ ജോൺ വോയിറ്റിന്റെയും മാർഷലിൻ ബെർട്രാൻഡിന്റെയും മകളാണ് ആഞ്ജലീന.
1990കളുടെ അവസാനത്തിലും 2000കളുടെ തുടക്കത്തിലും അസാധാരണമായ അഭിനയമികവും ആകർഷകമായ സ്‌ക്രീൻ പ്രസൻസും കൊണ്ട് ഹോളിവുഡിലെ രാഞ്ജിയായി ആഞ്ജലീന തിളങ്ങി. Lara Croft: Tomb Raider, Mr. & Mrs. Smith, Salt, Wanted, Changeling, Maleficent, Girl, Interrupted എന്നിവ യാണ് ആഞ്ജലീനയുടെ ശ്രദ്ധേയ ചിത്രങ്ങൾ. 2000-ൽ മികച്ച സഹനടിക്കുള്ള ഓസ്കാർ പുരസ്കാരവും (അക്കാദമി അവാർഡ്) മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ആഞ്ജലീന നേടി.
നടിയെന്ന രീതിയിൽ മാത്രമല്ല വലിയൊരു മനുഷ്യസ്നേഹിയെന്ന നിലയിൽ കൂടി നോക്കി കാണേണ്ട വ്യക്തിത്വമാണ് ആഞ്ജലീനയുടേത്. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്ക് വേണ്ടി എല്ലാക്കാലത്തും ഉച്ചത്തിൽ സംസാരിക്കാൻ മടിക്കാത്തൊരാൾ കൂടിയാണ് ആഞ്ജലീന. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രശ്നങ്ങൾ പരിഹരിക്കാനാഗ്രഹിച്ചാണ് അവർ ജോളി-പിറ്റ് ഫൗണ്ടേഷൻ സ്ഥാപിച്ചത്. ഐക്യരാഷ്ട്രസഭയുടെ യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഓഫ് റെഫ്യൂജീസിന്റെ അംബാസിഡറാകുന്ന ആദ്യ സിനിമാക്കാരിയാണവർ. അഭയാർത്ഥികളുടെ അവകാശങ്ങൾക്കായി വാദിക്കുന്നതിലും ലോകമെമ്പാടുമുള്ള വിവിധ മാനുഷിക പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നതിലും സജീവമായി ഇടപ്പെടുകയും ചെയ്തു. ആഞ്ജലീനയുടെ ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളെ തേടി നിരവധി അവാർഡുകളും ബഹുമതികളും എത്തി.
ആഞ്ജലീന മൂന്നു തവണ വിവാഹിതയായിട്ടുണ്ട്. ജോണി ലീ മില്ലർ, ബില്ലി ബോബ് തോൺടൺ, ബ്രാഡ് പിറ്റ് എന്നിവരാണ് മുൻഭർത്താക്കന്മാർ. ആറു കുട്ടികളാണ് ആഞ്ജലീനയ്ക്ക് ഉള്ളത്. അതിൽ മൂന്ന് കുട്ടികളെ ദത്തെടുത്തതാണ്. 2021 സെപ്റ്റംബറിലെ കണക്കുപ്രകാരം ആഞ്ജലീന ജോളിയുടെ ആസ്തി ഏകദേശം 120-150 മില്യൺ ഡോളറാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us