അങ്കമാലിക്കാരുടെ കഥ പറഞ്ഞ് കേരളത്തിന്റെ മുഴുവൻ സ്‌നേഹം പിടിച്ചുപറ്റിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രം തരംഗമാവുകയാണ്. 86 പുതുമുഖങ്ങളെ അവതരിപ്പിച്ച സിനിമ മലയാള സിനിമ രംഗത്തിന് വലിയ സംഭാവനയാണ് നൽകിയത്. ചിത്രം കണ്ടിറങ്ങിയ എല്ലാവരുടെയും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു പിടി കഥാപാത്രങ്ങളിൽ ഒരാളാണ് സഖി. നായകനായ പെപ്പെയുടെ ആത്മസഖിയായി എത്തിയ ബിന്നി റിങ്കി ബഞ്ചമിന്റെ വിശേഷങ്ങൾ…

ആദ്യ സിനിമ തന്നെ ഹിറ്റ്

കൂട്ടുകാരും എല്ലാവരും സിനിമ വളരെ നല്ലതാണെന്ന് വിളിച്ചുപറയുമ്പോൾ സന്തോഷം. അതിന്റെ മേക്കിങ്ങും എല്ലാം സ്വാധീനിച്ചുവെന്നും ഭയങ്കര എന്റർടെയ്‌നറാണെന്നെല്ലാം പറഞ്ഞു കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നും.

binny rinky benjamin

ചിത്രം കടപ്പാട്: ഫെയ്‌സ്ബുക്ക്

എല്ലാവരും പുതുമുഖങ്ങളായതുകൊണ്ട് ഷൂട്ടിങ്ങിന് മുൻപ് മൂന്ന് ദിവസത്തെ ക്യാംപ് ഉണ്ടായിരുന്നു. പിന്നെ എന്നും സ്ക്രിപ്‌റ്റ് വായിച്ച് പഠിക്കാൻ അവസരമുണ്ട്. അതുകൊണ്ട് കഥാപാത്രത്തെക്കുറിച്ചും സന്ദർഭത്തെക്കുറിച്ചും അറിയാം. അങ്ങനെ പകുതി ടെൻഷൻ അവിടെ തീർന്നു. ബാക്കി പിന്നെ ലിജോ സാർ പറഞ്ഞുതരും.

അഭിനയിക്കുന്നതിന് വലിയ ടെൻഷൻ ഒന്നുമില്ലായിരുന്നു. പേടിച്ച് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. എല്ലാവരും പരസ്‌പരം സഹായിക്കുമായിരുന്നു. അതുകൊണ്ട് വളരെ ഫ്രീയായി അഭിനയിക്കാൻ കഴിഞ്ഞു.

കട്ട ഫ്രണ്ട്‌സ്

സിനിമയിൽ എല്ലാവരും പുതിയതായതുകൊണ്ട് വലിപ്പച്ചെറുപ്പമില്ല. ആർക്കും ഈഗോയില്ല. അതുകൊണ്ട് എല്ലാവരും പെട്ടെന്ന് ഭയങ്കര കൂട്ടായി. എല്ലാവരും അഭിനയം വളരെ ഇഷ്‌ടമുളളവർ. പരസ്‌പരം നല്ല സഹകരണത്തോടെയാണ് അഭിനയിച്ചതും. എങ്ങനെയെങ്കിലും എല്ലാവരും കേറിപ്പോകണം എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ചിത്രം ഇറങ്ങുന്നതിന് മുൻപും ശേഷവും പ്രമോഷൻ പരിപാടികൾക്ക് ഒന്നിച്ച് കാണുമ്പോൾ സൗഹൃദം പുതുക്കാൻ കഴിയുന്നുണ്ട്. എന്നും ഈ കൂട്ട് നിലനിർത്തണം എന്നാണ് ആഗ്രഹം.

അംഗമാലി ഡയറീസിലെ നായികമാർ-രേഷ്‌മ, അമൃത, ബിന്നി. ചിത്രം കടപ്പാട്: ഫെയ്‌സ്ബുക്ക്

സ്ക്രീനിൽ ആദ്യമല്ല

ഇതിനു മുൻപ് ചെറിയ പരസ്യങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. കുഞ്ഞുനാൾ മുതൽ അഭിനയത്തോട് വലിയ താൽപര്യമായിരുന്നു. അതുകൊണ്ട് സ്ഥിരം ഓഡിഷനു പോകുമായിരുന്നു. ഇംഗ്ലീഷ് ലിറ്ററേച്ചർ എടുത്ത് പഠിച്ചതു തന്നെ അഭിനയം കൂടെ കൊണ്ടുപോകണം എന്ന ആഗ്രഹം കൊണ്ടാണ്.

അഭിനയം അഭിനിവേശം

സെന്റ് തെരേസാസിൽ ഡിഗ്രി പഠിക്കാനായിരുന്നു ആഗ്രഹം. ഒരുപാട് സിനിമാ താരങ്ങൾ പഠിച്ച സ്ഥലമല്ലേ! പക്ഷേ അന്ന് അഡ്‌മിഷൻ കിട്ടിയില്ല. പിന്നെ കോയമ്പത്തൂരിൽ പോയി ബിഎ പഠിച്ചു. എംഎ ഇംഗ്ലീഷ് പഠിക്കാനായി മഹാരാജാസിൽ ചേർന്നപ്പോഴാണ് അഭിനയമോഹം വീണ്ടും ഉണർന്നത്. സ്ഥിരം ഓഡിഷനും പ്രോഗ്രാമുകൾക്കുമെല്ലാം പോകും. അവസാനം ഇത് ക്ലിക്കായി. ഇനിയും സിനിമയിൽ തുടരാനാണ് ആഗ്രഹം.
binny rinky benjamin

മഹാരാജാസ്, ഒരു അനുഭവം

പിജി പഠിക്കാനായി മഹാരാജാസിൽ എത്തിയ സമയത്ത് പഠിത്തം മാത്രം ശ്രദ്ധിച്ചാണ് പോയത്. പക്ഷേ അവിടെ പഠിക്കുന്ന എല്ലാവർക്കും ഒരു പൊളിറ്റിക്കൽ ഓറിയന്റേഷൻ ഉണ്ടാകും. കുറേക്കൂടി വിശാലമായി ചിന്തിക്കാനും കാഴ്‌ചപ്പാടുകൾ ഉണ്ടാകാനും അത് സഹായിച്ചു. ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ഭാഗമായില്ലെങ്കിൽ കൂടി നമ്മെ മാറ്റാൻ മഹാരാജാസിനാകും. അവിടെയുളള കുട്ടികളെല്ലാം ഭയങ്കര കഴിവുളളവരാണ്.

കൊല്ലം ഗേൾ

കൊല്ലത്ത് കൊട്ടിയമാണ് സ്വദേശം. പപ്പ കുഞ്ഞായിരുന്നപ്പോൾ മരിച്ചു. അമ്മ പഞ്ചാബിൽ ടീച്ചറാണ്. ഞങ്ങൾ അഞ്ച് മക്കളാണ്. മൂന്ന് ആണും രണ്ട് പെൺകുട്ടികളും. ഞാൻ നാലമത്തെയാളാണ്. പിജി എടുക്കാനായി മഹാരാജാസിൽ പഠനത്തിന് എത്തിയപ്പോൾ മുതൽ കൊച്ചിയിലാണ് താമസം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ