ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത അങ്കമാലി ഡയറീസിന് സിനിമാമേഖലയില്‍ നിന്ന് പ്രശംസകളുടെ പെരുമഴ. പുതുമുഖങ്ങളെ അണിനിരത്തി ചെയ്‌ത സിനിമയെ നടന്മാരായ മോഹൻലാലും പൃഥ്വിരാജും നിവിന്‍ പോളിയും നേരത്തെ അഭിനന്ദിച്ചിരുന്നു. കൂടാതെ മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരും ചിത്രത്തെ പ്രകീര്‍ത്തിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രം കണ്ട് പ്രശംസയുമായി എത്തിയിരിക്കുന്നത് ബോളിവുഡിന്റെ പ്രിയ സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപാണ്. കേരളത്തിലെത്തിയ അനുരാഗ് നടി മഞ്ജു വാര്യർക്കൊപ്പമാണ് ചിത്രം കണ്ടത്. തന്റെ സ്വപ്‌നം സഫലമായെന്നാണ് മഞ്ജുവിനെ കണ്ടതിനെക്കുറിച്ച് അനുരാഗ് പറഞ്ഞത്. ചിത്രം വിസ്‌മയിപ്പിച്ചുവെന്നും അനുരാഗ് സിനിമ കണ്ടിറങ്ങിയ ശേഷം പറഞ്ഞു.
‘അസാധാരണ ചിത്രം’ എന്നാണ് സിനിമ കണ്ടതിനു ശേഷം അനുരാഗ് പ്രതികരിച്ചത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, സംഗീത സംവിധായകൻ പ്രശാന്ത് പിളള, നിർമാതാവ് വിജയ് ബാബു, ഛായാഗ്രാഹകൻ ഗിരീഷ് തുടങ്ങി മുഴുവൻ ടീം ഗംഭീരമായി ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തോടൊപ്പം പറഞ്ഞു. താൻ ഈ വർഷം കണ്ടതിൽ വച്ച് മികച്ച സിനിമയാണിതെന്നും അനുരാഗ് പറഞ്ഞു.
നേരത്തേ രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന ചിത്രത്തെക്കുറിച്ചും സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗയെക്കുറിച്ചും അനുരാഗ് കശ്യപ് മികച്ച അഭിപ്രായം പറഞ്ഞിരുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്‌ത് നിവിൻ പോളി നായകനായെത്തുന്ന മൂത്തോൻ എന്ന ചിത്രത്തിൽ അനുരാഗ് കശ്യപ് പ്രവർത്തിക്കുന്നുണ്ട്.