മോഹൻലാലിന്റെ നായികയാവുന്നത് വലിയ ഭാഗ്യമാണെന്ന് അങ്കമാലി ഡയറീസിലൂടെ ലിച്ചിയായെത്തി മനം കവർന്ന അന്ന രേഷ്മ രാജൻ. ചെറുപ്പം മുതലേ നമ്മൾ ആരാധനയോടെ കാണുന്ന ഒരാൾക്കൊപ്പം രണ്ടാമത്ത സിനിമയിൽ നായികയായി അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും വെള്ളിനക്ഷത്രം മാഗസിനു നൽകിയ അഭിമുഖത്തിൽ അന്ന പറഞ്ഞു.
ലിച്ചിയെപ്പോലെ കരുത്തുറ്റ കഥാപാത്രമാണ് വെളിപാടിന്റെ പുസ്തകത്തിലെ മേരി മിസെന്നും അന്ന പറഞ്ഞു. രണ്ടും രണ്ടു തരമാണ്. കഥയും അങ്ങിനെ തന്നെ. ലിച്ചി പ്രണയാതുരയാണ്. എന്നാൽ മേരി അങ്ങനെയല്ല. ലിച്ചി എന്നും മനസ്സിലുണ്ടാകും. പക്ഷേ, ഇപ്പോൾ മേരിയിലാണു ശ്രദ്ധ. രണ്ടു കഥാപാത്രങ്ങളുടെയും സ്വഭാവ രീതികൾ ഏകദേശം സമാനമായതിനാൽ വലിയ കുഴപ്പമില്ലെന്നും അന്ന പറയുന്നു.
അങ്കമാലി ഡയറീസ് റിലീസാകുന്നതിനു മുൻപും പ്രണയാഭ്യർഥനകൾ ലഭിക്കുന്നുണ്ടായിരുന്നുവെന്നും അന്ന അഭിമുഖത്തിൽ പറഞ്ഞു. അതിൽ നിന്നൊക്കെ ഒഴിഞ്ഞുമാറിയാണിവിടെ എത്തിയതും. കല്യാണം കഴിക്കാൻ പേടിയില്ല. അതിനു മുൻപ് സ്വന്തം കാലിൽ നിൽക്കണം. ഇപ്പോഴും ധാരാളം ആലോചനകൾ വരുന്നുണ്ട്. നമ്മൾ നമ്മുടേതായ ഒരു ഇടമുണ്ടാക്കിയശേഷം മതി വിവാഹം എന്നാണെന്റെ പക്ഷമെന്നും അന്നയുടെ വാക്കുകൾ. പ്രണയ വിവാഹമായിരിക്കുമോയെന്നു ചോദിച്ചപ്പോൾ ലൗ വിത്ത് അറേഞ്ചഡായിരിക്കുമെന്നായിരുന്നു അന്നയുടെ മറുപടി.
സിനിമയിലെത്തിയശേഷം അന്ന മാറിയോ എന്ന ചോദ്യത്തിന് എനിക്കു മാറാനാകില്ലെന്നായിരുന്നു മറുപടി. ഒരുപാട് വലിയ ഉയരങ്ങളിലേക്കു പോയി അഹങ്കരിച്ചാൽ അതേ വേഗത്തിൽ താഴേക്കു വീഴുമ്പോൾ സഹിക്കുവാനാകില്ല. സിനിമയിൽ മാറും, പക്ഷേ ജീവിതത്തിൽ മാറില്ലെന്നും അന്ന പറഞ്ഞു.