സിനിമയിലല്ല ജീവിതത്തിലും ഹീറോ ആയിരിക്കുകയാണ് നടൻ അനീഷ് ജി.മേനോൻ. അയൽവാസിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നംഗ സംഘത്തെയാണ് അതിസാഹസികമായി അനീഷ് പിടികൂടിയത്. മോഹൻലാലിന്റെ ഒടിയന്‍ സിനിമയുടെ ചിത്രീകരണ ഇടവേളയില്‍ വളാഞ്ചേരിയിലെ വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം.

അയൽവാസിയുടെ നിലവിളി കേട്ടാണ് അനീഷ് വീടിനു പുറത്തെത്തിയത്. അപ്പോഴേക്കും അയൽവാസിയുടെ കൈയ്യിലുണ്ടായിരുന്ന ബാഗ് ബൈക്കിലെത്തിയ മൂന്നംഗ സംഘം കൈക്കലാക്കിയിരുന്നു. അനീഷ് ഓടിയെത്തി ബൈക്കിനു പുറകിലിരുന്ന ആളുടെ കഴുത്തിൽ പിടികൂടി. ഇതിനിടയിൽ സംഘം ബൈക്ക് ഓടിച്ചു മുന്നോട്ടുപോയി. എന്നിട്ടും അനീഷ് പിടിവിട്ടില്ല. മീറ്ററുകളോളം അനീഷിനെ സംഘം റോഡിൽ വലിച്ചിഴച്ചു.

വേദന സഹിച്ചിട്ടും അനീഷ് പിടിവിട്ടില്ല. അയാളെ വലിച്ചു താഴെയിടുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. കോതമംഗലം സ്വദേശിയായ അൻസാറിനെയാണ് അനീഷ് പിടികൂടിയത്. മറ്റു രണ്ടുപേർ ബൈക്കിൽ രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ അനീഷ് ആശുപത്രിയിൽ ചികിൽസ തേടി. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.

ഗ്രേറ്റ് ഫാദർ, ദൃശ്യം, സെക്കന്റ് ഷോ തുടങ്ങി നിരവധി ചിത്രങ്ങളിൽ അനീഷ് അഭിനയിച്ചിട്ടുണ്ട്. ദൃശ്യത്തിൽ മോഹൻലാലിന്റെ അളിയനായി എത്തിയ അനീഷിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ