ടോം ആൻഡ് ജെറിയിലെ കാർട്ടൂൺ കഥാപാത്രങ്ങളെ പോലെ കൊണ്ടും കൊടുത്തും ഒരച്ഛനും മകനും അവർക്കിടയിലെ ഒരു ഹ്യൂമനോയിഡും. രസകരമായ കാഴ്ചകളും നർമ്മ മുഹൂർത്തങ്ങളുമായി ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’ ട്രെയിലർ എത്തി. നടൻ പൃഥ്വിരാജാണ് തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്.
മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’. സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഹ്യൂമനോയിഡാണ് മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്.
റഷ്യയിലും പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ നവംബർ 8നാണ് റിലീസിനൊരുങ്ങുന്നത്. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണ് ചിത്രം പറയുന്നത്.
ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’. പ്രശസ്ത ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലും നിർവ്വഹിച്ചിരിക്കുന്നു. ബി കെ ഹരിനാരായണനും എ സി ശ്രീഹരിയും ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. കെന്റി സിർദോ, സൈജു കുറുപ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.
Read more: സൗബിന്റെ ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ റഷ്യയിൽ