തുടർച്ചയായി രണ്ടുചിത്രങ്ങൾ തിയേറ്ററുകളിൽ കയ്യടികളോടെ സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും.’വികൃതി’യ്ക്ക് ശേഷം സൗബിൻ- സുരാജ് കൂട്ടുക്കെട്ടിൽ നിന്നും ഇന്ന് തിയേറ്ററുകളിലെത്തിയ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’ മികച്ച പ്രതികരണങ്ങൾ തേടുന്ന സന്തോഷത്തിലാണ് ഇരുവരും. ചിത്രത്തിന്റെ വിജയാഘോഷം എറണാകുളം കവിത തിയേറ്ററിൽ നടന്നു. ചിത്രത്തിന്റെ അണിയറക്കാർക്ക് ഒപ്പം കേക്ക് മുറിച്ചും ആരാധകർക്കൊപ്പം സെൽഫിയെടുത്തും പ്രേക്ഷകരുടെ ഇഷ്ടം കവർന്നാണ് ഇരുവരും മടങ്ങിയത്.
‘ആൻഡ്രോയ്ഡ് കുഞ്ഞപ്പനി’ൽ അച്ഛനും മകനുമായാണ് സുരാജും സൗബിനും എത്തുന്നത്. ഭാസ്കര പൊതുവാൾ എന്ന അച്ഛൻ കഥാപാത്രത്തെ സുരാജ് അവതരിപ്പിക്കുമ്പോൾ മെക്കാനിക്കൽ എഞ്ചിനീയറായ സുബ്രഹ്മണ്യൻ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. ഒരു ഹ്യൂമനോയിഡും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം, പരോക്ഷത്തിൽ സംസാരിക്കുന്നത് മനുഷ്യബന്ധങ്ങളെ കുറിച്ചാണ്. ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും തമാശകളും ചിന്തിപ്പിക്കുന്ന ആശയങ്ങളുമെല്ലാമായി മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.
Read more: Android Kunjappan Version 5.25 Review: ഈ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ ക്യൂട്ടാണ്; റിവ്യൂ
നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ചിത്രത്തിന്റെ സംവിധായകൻ. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’. സാനു ജോൺ വർഗീസ് ഛായാഗ്രഹണവും എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലും നിർവ്വഹിച്ചിരിക്കുന്നു. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കെന്റി സിർദോ, സൈജു കുറുപ്പ്, മാല പാർവതി, മേഘ മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook