Soubin Shahir’s next Android Kunjappan Ver 5.25: സൗബിൻ ഷാഹിർ നായകനാവുന്ന പുതിയ ചിത്രം ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’വിന്റെ ആദ്യഘട്ട ചിത്രീകരണം ഇന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ ആരംഭിക്കും. നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ സംവിധായകൻ. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിനു ശേഷം സൗബിൻ സാഹിർ മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’.
മൂൺഷോട്ട് എന്റർടെയിൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഫോഴ്സ്’, ‘ബദായ് ഹോ’, തുടങ്ങിയ ഹിന്ദി ചിത്രങ്ങളുടെയും നിരവധിയേറെ പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായി സ്വതന്ത്ര സംവിധായകനാവുകയാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പനി’ലൂടെ. ‘കാർത്തിക് കാളിങ് കാർത്തിക്’,’വസീർ’, ‘വിശ്വരൂപം’ സീരിസ് എന്നിവയുടെ ഛായാഗ്രാഹകനായ സനു ജോൺ വർഗ്ഗീസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
Read more: ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി സൗബിൻ; ‘നീ തീർന്നെടാ ചിട്ടീ’ എന്ന് ആരാധകർ
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുതുവത്സരദിനത്തിൽ നടൻ ഫഹദ് ഫാസിൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു. ഒരു റോബോർട്ടിനൊപ്പം ചിരിച്ചു കൊണ്ടിരിക്കുന്ന സൗബിന്റെ മുഖമുള്ള പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിദേശ ലൊക്കേഷനു പിറകെ കണ്ണൂരും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാവും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
‘പറവ’യ്ക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനായി സൗബ്ബിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിവരങ്ങൾ അടുത്തിടെ പുറത്തുവിട്ടിരുന്നു. കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനത്തിലായിരുന്നു ഈ ചിത്രത്തിന്റെ പ്രഖ്യാപനം.
Read more: പൂക്കളുടെ നടുവിൽ നിറപുഞ്ചിരിയുമായി ‘അമ്പിളി’; ഗപ്പി സംവിധായകന്റെ ചിത്രത്തിന്റെ പോസ്റ്റര്‍
തന്റെ പുതിയ സംവിധാന സംരഭത്തിനൊപ്പം തന്നെ കൈനിറയെ പടങ്ങളുമായി അഭിനയജീവിതത്തിലും തിരക്കിലാണ് സൗബിൻ. ‘ഗപ്പി’ സംവിധായകൻ ജോൺ പോൾ ജോർജിന്റെ പുതിയ ചിത്രം ‘അമ്പിളി’യിലും സന്തോഷ് ശിവന്റെ ‘ജാക്ക് ആന്റ് ജിൽ’ എന്ന ചിത്രത്തിലും ഭദ്രന്റെ ‘ജൂതനി’ലുമെല്ലാം സൗബിനുണ്ട്.
‘അമ്പിളി’യിലും ടൈറ്റിൽ കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. സൗബിനോടൊപ്പം നടി നസ്രിയയുടെ അനുജന്‍ നവീന്‍ നസീമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തന്‍വി റാം എന്ന പുതുമുഖ നടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ കഥയും ജോണ്‍ പോള്‍ തന്നെയാണ്. വിഷ്ണു വിജയ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ഗപ്പിയിലെ ഗാനങ്ങള്‍ക്കും വിഷ്ണുവായിരുന്നു സംഗീതം ചിട്ടപ്പെടുത്തിയത്.