തമിഴ്, മലയാളം, ഹിന്ദി സിനിമകളിലെല്ലാം തന്റെ സാന്നിധ്യം തെളിയിച്ച താരമാണ് ആൻഡ്രിയ ജെർമിയ. പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും ആൻഡ്രിയ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.
‘അന്നയും റസൂലും’ എന്ന ചിത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ ആൻഡ്രിയയെ സുപരിചിതയാക്കിയത്. ലോഹം, ലണ്ടൻ ബ്രിഡ്ജ്, തോപ്പിൽ ജോപ്പൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും ആൻഡ്രിയ അഭിനയിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ബാലിയിൽ നിന്നുള്ള യാത്രാചിത്രങ്ങളാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ആൻഡ്രിയ ഒറ്റയ്ക്കാണ് ബാലിയിലേക്ക് യാത്ര നടത്തിയതെന്നാണ് വ്യക്തമാകുന്നത്. ക്രോപ്പ് ടോപ്പും ഷോർട്‌സുമാണ് താരം അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങളെല്ലാം അടിപൊളിയാണെന്ന് ആരാധകർ കമനറ് ബോക്‌സിൽ പറയുന്നു.
തമിഴ് സിനിമയിൽ തിരക്കുള്ള നായികയായിരുന്ന ആൻഡ്രിയ കുറച്ചുകാലം സിനിമയിൽ നിന്നും അകന്നു നിന്നിരുന്നു. കടുത്ത വിഷാദരോഗം കാരണമാണ് താൻ ബ്രേക്ക് എടുത്തതെന്നായിരുന്നു ആൻഡ്രിയയുടെ വെളിപ്പെടുത്തൽ. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോഗത്തിൽ എത്തിച്ചതെന്നും രോഗത്തെ മറികടക്കാന്‍ ആയുർവേദവും യോഗയുമാണ് തന്നെ സഹായിച്ചതെന്നും ആൻഡ്രിയ തുറന്നു പറഞ്ഞിരുന്നു.
എന്നാൽ സിനിമയിലും സംഗീതത്തിലും വീണ്ടും സജീവമായിരിക്കുകയാണ് ആൻഡ്രിയ ഇപ്പോൾ. പിസാസ് 2, കാ, മാലികൈ, നോ എൻട്രി എന്നിവയാണ് ആൻഡ്രിയയുടെ പുതിയ ചിത്രങ്ങൾ.