ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ആൻഡ് ദ് ഓസ്കാർ ഗോസ് ടു’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ‘പത്തേമാരി’ക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിനിമയ്ക്കുള്ളിലെ സിനിമയും സിനിമ സ്വപ്നം കണ്ടു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയുമൊക്കെയാണ് പറയുന്നത്. ചിത്രത്തില്‍ ഇസഹാക്ക് ഇബ്രാഹിം എന്ന ചലച്ചിത്ര സംവിധായകന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്.
അനു സിത്താരയാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയാവുന്നത്. ‘ഒരു കുപ്രസിദ്ധ പയ്യനു’ ശേഷം ടൊവിനോയും അനു സിത്താരയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു’. ഒരു മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്.
സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, ഹരീഷ് കണാരൻ, മാലാ പാർവ്വതി എന്നിവരും ചിത്രത്തിലുണ്ട്. മധു അമ്പാട്ട് ഛായാഗ്രഹണവും ബിജിബാൽ സംഗീതവും നിർവ്വഹിക്കും. പേരിൽ തന്നെ ‘ഓസ്കാർ’ ഉള്ള ചിത്രത്തിന്റെ അണിയറയിൽ ഒരു ഓസ്കാർ ജേതാവും പ്രവർത്തിക്കുന്നുണ്ട് എന്നതാണ് മറ്റൊരു കൗതുകം. ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ.
ദുല്‍ഖര്‍ സല്‍മാനെയായിരുന്നു ആദ്യം ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തിരുന്നതെങ്കിലും ദുൽഖറിന്റെ തിരക്കുകൾ കാരണം ചിത്രം ടൊവിനോയെ തേടിയെത്തുകയായിരുന്നു. അലെന്‍സ് മീഡിയ , കനേഡിയന്‍ മൂവി കോര്‍പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Read more: വിദേശ നായികയ്ക്ക് ഒപ്പം ടൊവിനോ; ‘ആൻഡ് ദി ഓസ്കാർ ഗോസ് റ്റു’ ഫസ്റ്റ് ലുക്ക്