ജൂലൈ 15നായിരുന്നു ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരക മീര അനിലിന്റെയും മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവിന്റെയും വിവാഹം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇരുവരുടെയും പോസ്റ്റ് വെഡ്ഡിംഗ് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
മണിമലയാറിൽ വെച്ചെടുത്ത ഈ ചിത്രങ്ങൾക്ക് പിന്നിൽ വെഡ്ഡിംഗ് ഫോട്ടോഗ്രാഫറായ ശ്രീനാഥ് എസ് കണ്ണനാണ്. ശ്രീനാഥ് തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
മാട്രിമോണിയൽ വഴി വന്ന ആലോചന വിവാഹത്തിലെത്തുകയായിരുന്നെന്നും എന്നാൽ കണ്ടപ്പോൾ തന്നെ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായെന്നുമാണ് വിവാഹത്തെ കുറിച്ച് മുൻപൊരു അഭിമുഖത്തിൽ മീര പറഞ്ഞത്. ജനുവരിയിലായിരുന്നു മീരയുടെ വിവാഹനിശ്ചയം നടന്നത്.
“ഒട്ടും മേക്കപ്പ് ഇല്ലാത്ത ആളെയായിരുന്നു കക്ഷി നോക്കി കൊണ്ടിരുന്നത്. ഞാനാണെങ്കിൽ ഓവർ മേക്കപ്പിന്റെ പേരിൽ എപ്പോഴും ട്രോളുകൾ വാങ്ങുന്ന ആളും. നേരിൽ കാണുമ്പോൾ ഞാൻ മേക്കപ്പിലാകുമോ എന്നായിരുന്നു വിഷ്ണുവിന്റെ പേടി. ഞാൻ വളരെ സിംപിൾ ആയാണ് ചെന്നത്. കക്ഷി അതിശയിച്ചു പോയി.,” വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മീര പറഞ്ഞതിങ്ങനെ.
“ആദ്യമായി നേരിൽ കണ്ട് പിരിയാൻ നേരം ജീവിതയാത്രയിൽ നമ്മൾ മുന്നോട്ടാണോ അതോ ഇവിടെ വച്ച് പിരിയുകയാണോ എന്ന് ചോദിച്ചപ്പോൾ വിഷ്ണു ഒന്നും മിണ്ടാതെ ഒരു മോതിരം എടുത്ത് എന്റെ വിരലിൽ അണിയിച്ചു,” ആദ്യമായി തമ്മിൽ കണ്ട നിമിഷത്തെ കുറിച്ച് മീര പറയുന്നു.
Read more: നോക്കേണ്ട ഉണ്ണി ഇത് ഞാൻ തന്നെ; മാസ് ലുക്കിൽ ‘വാനമ്പാടി’ താരം ഉമ നായർ