‘തണ്ണീർമത്തൻ ദിനങ്ങൾ’ സിനിമയിലെ മികവാർന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനശ്വര രാജൻ. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി അനശ്വര അഭിനയിക്കുന്നത്. ’എവിടെ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിലും അനശ്വര അഭിനയിച്ചിരുന്നു.
ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മാതാവാകുന്ന മലയാള സിനിമ ‘മൈക്കിൽ’ അനശ്വര രാജനാണ് നായിക. പുതുമുഖ താരം രഞ്ജിത്ത് സജീവ് ആണ് നായകൻ. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പരിപാടിയിൽ മുഖ്യാതിഥിയായി ജോൺ അബ്രഹാമും ഒപ്പം ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്തു. ചടങ്ങിൽ റെഡ് കളർ ഡ്രെസിൽ കിടിലൻ ലുക്കിലാണ് അനശ്വര എത്തിയത്.
ക്യാമറക്ക് മുന്നിലും പിന്നിലും നിരവധി അതുല്യ പ്രതിഭകളെ അണിനിരത്തുന്ന ചിത്രമാണ് മൈക്ക്. അനശ്വര രാജൻ,ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്. അർജുൻ റെഡ്ഡി, ഡാർലിംഗ് 2, ഹുഷാറു തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ രചിച്ച രഥൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. മൈക്കിന്റെ ചിത്രീകരണം കേരളത്തിന്റെ അകത്തും പുറത്തുമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
Read More: ദുബായിലെത്തിയ ദിലീപിനും കാവ്യയ്ക്കുമൊപ്പം മഹാലക്ഷ്മിയും; വൈറൽ വീഡിയോ