താരങ്ങളെ കാണാനായി ലൊക്കേഷനിലും വീടുകളിലെല്ലാം ആരാധകർ ചെല്ലുന്ന കാഴ്ച പതിവുള്ളതാണ്. അനുവാദമില്ലാതെ തന്നെ കാണാൻ വീട്ടിലേക്ക് വരരുതെന്ന് അഭ്യർത്ഥിക്കുകയാണ് യുവനടി അനശ്വര രാജൻ ഇപ്പോൾ. ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ച കുറിപ്പിലാണ് അനശ്വര ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ അവുവാദമില്ലാതെ വീട്ടിലേക്ക് വരുന്നത് തന്നെയും വീട്ടുകാരെയും അപകടത്തിലാക്കുന്ന കാര്യമാണെന്നും സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ച് എല്ലാവരും ബോധവാന്മാരാവേണ്ടതുണ്ടെന്നും അനശ്വര രാജൻ പറയുന്നു.

“നിങ്ങൾ എന്നോട് കാണിക്കുന്ന സ്നേഹത്തെയും ഊഷ്മളതയെയും ഞാൻ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ നിങ്ങളുടെ മെസേജുകളെല്ലാം വായിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. നിങ്ങളിൽ ചിലർ മുൻകൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് കടന്നുവരികയാണ്. എന്റെ വാതിലിൽ മുട്ടുന്നതിന് മുൻപ് ഞാൻ അവിടെയുണ്ടോ എന്ന് നിങ്ങൾ അന്വേഷിക്കുകയും അനുവാദം വാങ്ങുകയും ചെയ്തിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്നു.”

“ഈ സമയത്ത് സാമൂഹിക അകലം പാലിക്കേണ്ടത് എത്ര പ്രധാനമാണെന്നതിനെക്കുറിച്ച് ഞാൻ പറയേണ്ടതില്ലല്ലോ. സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നിയമങ്ങളും നമ്മൾ പാലിക്കേണ്ടതുണ്ട്. അത് തെറ്റിയ്ക്കുന്നത് ഒരാളുടെ അടിസ്ഥാന അവകാശങ്ങൾക്കും സ്വകാര്യതയിലേക്കുമുള്ള കടന്നു കയറ്റമാണ്,” അനശ്വര പറയുന്നു.

 

View this post on Instagram

 

A post shared by SHE (@anaswara.rajan) on

“യൂട്യൂബ് കണ്ടന്റും വീഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് എനിക്ക് മനസിലാക്കാൻ കഴിയും. അതെനിക്കും ഗുണകരമാണെന്നറിയാം. അതിനു മുൻപ് എന്നോട് അനുവാദം ചോദിക്കുക എന്നത് പ്രധാനമാണ്.”

“ഈ സാഹചര്യത്തിൽ നിങ്ങളിങ്ങനെ ചെയ്യുമ്പോൾ അതെനിക്കും നിങ്ങൾക്കും മാത്രമല്ല നിങ്ങളുടെ കുടുംബാംഗങ്ങൾക്കും അപകടകരമാണ്. ഇതുവഴി, എന്റെ കുടുംബാംഗങ്ങളും അപകടത്തിലാവും. അതിനാൽ മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ച് നമുക്ക് ബോധവാന്മാരായിരിക്കാം. ചുറ്റുമുള്ളവരോട് നല്ല രീതിയിൽ നമുക്ക് ഇടപെടാം.”

Read more: ‘സംസ്കാരത്തിന് ചേരാത്ത വേഷം’; അനശ്വര രാജനെതിരെ സൈബർ ആക്രമണം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook