മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് അനശ്വര രാജൻ, അർജുൻ അശോകൻ, മമിത ബൈജു, മിയ, മനോജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പ്രണയവിലാസം’. പല കാലങ്ങളിൽ, പല കഥാപാത്രങ്ങളിലൂടെ, പ്രണയത്തിന്റെ വിവിധ തലങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്ന ചിത്രമാണ് ‘പ്രണയവിലാസം’.
ചിത്രത്തിൽ അനശ്വരയുടെ നായകനായി എത്തുന്നത് നടൻ ഹക്കീം ഷാജഹാനാണ്. ഹക്കീമിനെ അഭിനന്ദിച്ചുകൊണ്ട് അനശ്വര പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “എന്റെ വിനോദിന്,
പ്രണയത്തിന്റെ വേർപാടിലും ഓരോ നിമിഷവും ജീവിച്ച് തീർക്കുന്ന നീയാണ്
എന്റെ പ്രണയത്തിന്റെ വിലാസം,” എന്നാണ് അനശ്വര കുറിക്കുന്നത്.
“അനുശ്രീയുടെ വിനോദിനെ അഭിനന്ദിക്കുന്ന പോസ്റ്റ്. യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയൊരു കഥാപാത്രമുണ്ടായിരുന്നുവെങ്കിൽ കൊതിപ്പിച്ച സാങ്കൽപ്പിക കഥാപാത്രം. ഹക്കിം ഷാജഹാൻ എന്ന മിടുക്കനായ നടൻ വിനോദിന് ജീവൻ നൽകുകയും ആ കഥാപാത്രത്തെ ഉയർത്തുകയും ചെയ്തു,” ഹക്കീമിനെ പ്രശംസിച്ചുകൊണ്ട് അനശ്വര കൂട്ടിച്ചേർത്തു.
രണ്ടു ഗെറ്റപ്പുകളിലാണ് ഹക്കിം ചിത്രത്തിലെത്തുന്നത്. ചെറുപ്പക്കാരനായും മധ്യവയസ്കനായുമൊക്കെ എത്തുമ്പോൾ പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്നുണ്ട് ഹക്കിം. അനശ്വരയും ഹക്കിമും തമ്മിലുള്ള കെമിസ്ട്രിയും മികച്ചുനിന്നതോടെ ചിത്രം പറയുന്ന മൂന്നു പ്രണയങ്ങളിൽ ഏറ്റവും ആർദ്രതയോടെ പ്രേക്ഷകരുടെ മനസ്സിനെ തൊടുന്നത് അനുശ്രീയും വിനോദും തമ്മിലുള്ള പ്രണയം തന്നെയാണ്.