മലയാളികളുടെ മനം കവർന്ന നടിയാണ് അനന്യ. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി മലയാള സിനിമകളിൽ അനനന്യയെ കണ്ടതേയില്ല. ‘ടിയാൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ വീണ്ടും സജീവമാകുകയാണ് അനന്യ. വനിത മാഗസിന് നൽകിയ അഭിമുഖത്തിലാണ് ടിയാനിലെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും അനന്യ പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിൽ തന്റെ സിനിമകളൊന്നും റിലീസാകാത്തതാണ് എവിടെയായിരുന്നുവെന്ന ചോദ്യത്തിന് കാരണമെന്ന് അനന്യ അഭിമുഖത്തിൽ പറയുന്നു. “ഞാൻ എവിടെയും പോയിട്ടില്ല. ഇവിടെ തന്നെ ഉണ്ടായിരുന്നു. മലയാളത്തിൽ രണ്ട് വർഷത്തെ ഗ്യാപ് വന്നപ്പോഴും തെലുങ്കിൽ ഞാൻ സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. ‘അ ആ’ എന്ന തെലുങ്ക് സിനിമയുടെ ഷൂട്ട് നീണ്ടുപോയതാണ് ആ ഗ്യാപ് വർധിക്കാനുളള​ കാരണം”.

പൃഥ്വിരാജും ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്ന ടിയാനാണ് അനന്യയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഇന്ദ്രജിത്ത് ചെയ്യുന്ന കഥാപാത്രത്തിന്റെ ഭാര്യയായ അംബ എന്ന കഥാപാത്രമായാണ് അനന്യ ചിത്രത്തിലെത്തുന്നത്.

ടിയാന്റെ കഥ കേട്ടപ്പോൾ ഇഷ്ടമായെന്ന് അനന്യ പറയുന്നു. ” നല്ല ടീമാണ് ആ സിനിമയുടെ പിന്നിൽ. അതായിരുന്നു പ്രധാന ആകർഷണം.മുരളിയേട്ടൻ, രാജു(പൃഥ്വിരാജ്), ഇന്ദ്രേട്ടൻ( ഇന്ദ്രജിത്ത്) എന്നിവർക്കൊപ്പം ഒരു ഷോട്ടിലെങ്കിലും ഒരുമിച്ച് അഭിനയിക്കാൻ പറ്റുന്നത് ചെറിയ കാര്യമല്ലല്ലോ. അതാണ് ഏറ്റവും വലിയ സന്തോഷം ” അനന്യ അഭിമുഖത്തിൽ പറഞ്ഞു.

മാതാപിതാക്കളുമായുളള അകൽച്ചയെ കുറിച്ച് അനന്യ പറയുന്നത് അത് എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കാവുന്ന അവസ്ഥയാണെന്നാണ്. ” ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങൾ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാം. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഞാൻ അവരുടെ മകളാണ്. എന്നെ വെറുക്കാൻ അവർക്കോ, അവരെ മറക്കാൻ എനിക്കോ കഴിയില്ല. ” അനന്യയുടെ വാക്കുകൾ. കുറച്ച് കാലം ഉണ്ടായിരുന്ന അകൽച്ച ഉണ്ടായിരുന്നെങ്കിലും പിണക്കങ്ങളെല്ലാം മറന്ന് ഇപ്പോൾ പപ്പയും മമ്മിയും അനിയനും തനിക്കൊപ്പമുണ്ടെന്ന് അനന്യ പറയുന്നു.
ഭർത്താവായ ആഞ്‌ജനേയൻ തന്റെ ബലമാണെന്നും ഇഷ്ടങ്ങൾ മനസിലാക്കി കൂടെ നിൽക്കുന്ന വ്യക്തിയാണെന്നും അനന്യ അഭിമുഖത്തിൽ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ