ക്ലാസ് മുറിയിലെ ബഞ്ചിലിരുന്ന് ‘ഉയരെ’ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്ന ഗാനം ആലപിക്കുമ്പോള്‍, അത് ഉയരങ്ങളിലേക്കുള്ള ആദ്യ പടിയാകുമെന്ന് അനന്യയും കരുതിയിരിക്കില്ല. എന്നാലിപ്പോള്‍ സിനിമയില്‍ പാടുക എന്ന സ്വപ്നത്തിലേക്കാണ് അനന്യ എന്ന് നാലാം ക്ലാസുകാരി അകക്കണ്ണിലെ വെളിച്ചത്തില്‍ നടന്നു കയറുന്നത്. ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിന് ശേഷം ജയസൂര്യ-പ്രജേഷ് സെന്‍ കൂട്ടുകെട്ടിന്റെ ‘വെള്ളം’ എന്ന ചിത്രത്തില്‍, ബിജിബാല്‍ ഈണമിടുന്ന ഗാനത്തിനാണ് അനന്യ ശബ്ദമാകുന്നത്. നടി അനുമോളില്‍ നിന്നാണ് അനന്യയെക്കുറിച്ച് താന്‍ അറിയുന്നതെന്ന് ബിജിബാല്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Read More: ‘ഇന്നെനിക്ക് കണ്ണെഴുതാന്‍’; ഉള്‍ക്കണ്ണുകൊണ്ട് അവള് പാടി, വീഡിയോ
‘അനന്യയെ ഞാനിതുവരെ നേരില്‍ കണ്ടില്ല. ആ കുട്ടിയുടെ വീഡിയോ ആദ്യം എനിക്ക് അയച്ചു തരുന്നത് നടി അനുമോള്‍ ആണ്. ആ കുട്ടിയെ ബന്ധപ്പെടാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് ഞാന്‍ അനുമോളോട് ചോദിച്ചു. അവരാണ് എനിക്ക് നമ്പര്‍ സംഘടിപ്പിച്ച് തന്നത്. ഫോണില്‍ സംസാരിച്ചിരുന്നു. അപ്പോഴേക്കും ആ വീഡിയോ വൈറലായിരുന്നു. ഞങ്ങളുടെ സിനിമയില്‍ ഒരു കുട്ടി പാട്ടുപാടുന്ന സന്ദര്‍ഭം ഉണ്ട്. പ്രജേഷ് സെന്നും ഞാനും സംസാരിക്കുകയും അനന്യയെ കൊണ്ട് പാടിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു,’ ബിജിബാല്‍ പറഞ്ഞു.
ഈ വാര്‍ത്ത അറിഞ്ഞതോടെ മകള്‍ ഏറെ സന്തോഷത്തിലാണെന്ന് അനന്യയുടെ അമ്മ പ്രജിലയും പറഞ്ഞു.
‘അവര്‍ വിളിച്ച് സിനിമയില്‍ പാടാന്‍ അവസരം ഉണ്ടെന്ന് പറഞ്ഞു. അത് കേട്ട് മോളും വലിയ സന്തോഷത്തിലാണ്. രാഗേഷ് ഹരിശ്രീ എന്ന സംഗീതാധ്യാപകനാണ് വീട്ടില്‍ വന്ന് അവളെ പാട്ട് പഠിപ്പിക്കുന്നത്. സത്യത്തില്‍ നടി അനുമോളാണ് ഈ വീഡിയോ അയച്ച് കൊടുത്തത്. അനന്യ പഠിക്കുന്ന സ്കൂളിലെ അനീഷ എന്ന കുട്ടി അനുമോള്‍ക്ക് കൊടുക്കുകയും, അനുമോള്‍ അത് ബിജിബാലിന് കൊടുക്കുകയുമായിരുന്നു,’ അനന്യയുടെ അമ്മ പറഞ്ഞു. സ്കൂളിന് പുറത്ത് രാവിലെ മുതല്‍ വൈകുന്നേരം വരെ അനന്യയ്ക്ക് കൂട്ടിരിക്കുന്നതിനിടെയാണ് പ്രജില ഇന്ത്യന്‍ എക്സ്പ്രസ് മലയാളവുമായി സംസാരിച്ചത്.
നീ മുകിലോ, ഇന്നെനിക്ക് പൊട്ടു കുത്താൻ എന്നീ ഗാനങ്ങൾ അനന്യ പാടുകയും അത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതോടെ അനന്യയെ തേടി നിരവധി ഫോൺ വിളികളാണ് എത്തുന്നത്. കണ്ണൂര്‍ വാരം സ്വദേശി പുഷ്പന്റെ മകളാണ് അനന്യ. കാഴ്ചശക്തി ഇല്ലാത്തതിനാല്‍ തന്നെ പാട്ടുകള്‍ നിരവധി തവണ കേട്ടാണ് അനന്യ മനഃപാഠമാക്കുന്നത്.
Read Here: