വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹനിശ്ചയമായിരുന്നു ഇന്നലെ. അനന്തിന്റെ ബാല്യകാല സുഹൃത്തും പ്രണയിനിയുമായ രാധിക മെർച്ചന്റ് ആണ് വധു. വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ അഭിനേതാക്കളായ ഐശ്വര്യ റായ് ബച്ചൻ, ദീപിക പദുക്കോൺ, കത്രീന കൈഫ്, സാറാ അലി ഖാൻ, അക്ഷയ് കുമാർ, ജോൺ എബ്രഹാം, വരുൺ ധവാൻ, ചലച്ചിത്ര പ്രവർത്തകരായ രാജ്കുമാർ ഹിരാനി, വിധു വിനോദ് ചോപ്ര, ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ, ഭാര്യ അഞ്ജലി എന്നിവരടക്കം നിരവധി പ്രമുഖർ എത്തിച്ചേർന്നിരുന്നു. സെലിബ്രിറ്റി ഡിസൈനർമാരായ ഗൗരി ഖാൻ, സന്ദീപ് ഖോസ്ല എന്നിവരും ചടങ്ങിനെത്തി. വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.











ഫാർമസി ഗ്രൂപ്പായ എൻകോർ ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സി.ഇ.ഒ ആയ വീരൻ മെർച്ചന്റിന്റെ മകളാണ് രാധിക. ന്യൂയോർക്ക് യൂനിവേഴ്സിറ്റിൽ നിന്നും പൊളിറ്റിക്സ് ആൻഡ് എക്ണോമിക്സിൽ ബിരുദ പഠനം നേടിയ രാധിക മികച്ചൊരു നർത്തകി കൂടിയാണ്. ഭരതനാട്യം അടക്കമുള്ള ക്ലാസിക്കൽ നൃത്തകലകളിൽ രാധിക പ്രാവിണ്യം നേടിയിട്ടുണ്ട്. ഭാവന താക്കറാണ് രാധികയുടെ ഗുരു.
റിയൽ എസ്റ്റേറ്റ് ശൃംഖലയായ ഇസ്പ്രാവയിൽ സെയിൽസ് എക്സിക്യൂട്ടീവായാണ് രാധിക തന്റെ കരിയർ ആരംഭിച്ചത്. ഇപ്പോൾ എൻകോർ ഹെൽത്ത്കെയർ ഡയറക്ടർ ബോർഡ് അംഗമാണ്.
യു.എസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽനിന്നും ബിരുദം നേടിയ അനന്ത് അംബാനി നിലവിൽ റിലയൻസ് കമ്പനിയുടെ ഊർജ വിഭാഗത്തിന്റെ തലവനാണ്. അമ്മ നിതയ്ക്കൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ മുംബൈ ഇന്ത്യൻസിന്റെ മേൽനോട്ടം വഹിക്കുന്നതും അനന്താണ്.