/indian-express-malayalam/media/media_files/uploads/2018/08/ANAND-THEATRE.jpg)
കോട്ടയം: കോട്ടയത്തെ ചലച്ചിത്രപ്രേമികൾക്ക് വിസ്‌മയ കാഴ്ചകൾ സമ്മാനിച്ച ആനന്ദ് തിയേറ്റർ ഇന്ന് 50 വർഷങ്ങൾ പൂർത്തിയാക്കുന്നു. ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'മൈ ഡിയർ കുട്ടിച്ചാത്ത'ന്റെ രണ്ടു പ്രദർശനങ്ങൾ ഇന്നു നടന്നു. തിയേറ്ററിന് ഏറ്റവും കൂടുതൽ കളക്ഷൻ നേടി കൊടുത്ത ആദ്യകാല ചിത്രങ്ങളിലൊന്ന് എന്ന നിലയിലാണ് 'മൈ ഡിയർ കുട്ടിച്ചാത്തൻ' പ്രദർശിപ്പിച്ചതെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചു. രാവിലെ 11നും വൈകിട്ട് ആറിനുമായിരുന്നു പ്രത്യേക പ്രദർശനം.
പ്രതീക്ഷിച്ചതിലും വിജയകരമായിരുന്നു പ്രദർശനമെന്ന് തിയേറ്റർ ഉടമകളിൽ ഒരാളായ അലക്സ് ജോർജ് ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിനോട് പറഞ്ഞു. "കേരളം കടന്നുപോയ പ്രളയദുരന്തത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ ഗോൾഡൻ ജൂബിലി ആഘോഷിക്കേണ്ട എന്നായിരുന്നു ഞങ്ങളുടെ ആദ്യ തീരുമാനം. തിങ്കളാഴ്ച ഉച്ചയോടെയാണ് ആഘോഷങ്ങളൊന്നുമില്ലെങ്കിലും തിയേറ്റർ ചരിത്രത്തിന്റെ ഓർമപുതുക്കാനായി പഴയ സിനിമകളിൽ ഏതെങ്കിലുമൊന്ന് പ്രദർശിപ്പിക്കാം​ എന്ന തീരുമാനത്തിൽ എത്തുന്നത്. സമയപരിധി മൂലം അധികം പബ്ലിസിറ്റിയൊന്നും നൽകാൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പ്രദർശനം കാണാനെത്തിയത് സന്തോഷം തരുന്നു", അലെക്സ് ജോർജ് പറഞ്ഞു.
ട്വന്റിയത്ത് സെഞ്ച്വറി ഫോക്സിന്റെ 'ദ ബൈബിൾ' ആയിരുന്നു ഈ തിയേറ്ററിലെ ആദ്യ പ്രദർശന ചിത്രം. ആദ്യ ചിത്രം തന്നെ പ്രദർശിപ്പിക്കാം എന്നൊരു ആലോചന നടന്നിരുന്നെങ്കിലും ചിത്രത്തിന്റെ നല്ല പ്രിന്റ് ലഭ്യമല്ലാത്തതിനാൽ തിയറ്ററിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ആസ്വദിച്ച ആദ്യ സിനിമകളിലൊന്നായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' പ്രദർശിപ്പിക്കാം എന്നു തീരുമാനിക്കുകയായിരുന്നെന്നും തിയേറ്റർ ഉടമകൾ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2018/08/ആനന്ദ്.jpg)
ഇന്നത്തെ പ്രത്യേക പ്രദർശനങ്ങളിൽ നിന്നും ലഭിച്ച വരുമാനം പ്രളയബാധിതർക്ക് ഒരു കെെതാങ്ങ്​ നൽകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകാണ് തിയേറ്റർ മാനേജ്മെന്റിന്റെ തീരുമാനം.
2011 ലാണ് ആനന്ദ് തിയേറ്റർ ലക്ഷ്വറി തിയേറ്ററുകളുടെ പട്ടികയിൽ ഇടം പിടിച്ചത്. കേരള സർക്കാർ​ ഏർപ്പെടുത്തുന്ന മികച്ച തിയേറ്ററുകൾക്കുള്ള പ്ലാറ്റിനം പ്ലസ് റേറ്റ് നേടി, ആ അംഗീകാരം നേടുന്ന സംസ്ഥാനത്തെ ഏക തിയേറ്റർ എന്ന ബഹുമതിയും ആനന്ദ് സ്വന്തമാക്കിയിരുന്നു.
'ശങ്കരാഭരണം', എംജിആറിന്റെ 'അടിമൈപ്പെൺ' എന്നിവ ആനന്ദിൽ നൂറു ദിവസം ഓടിയ സിനിമകളിൽ ചിലതുമാത്രം. തമിഴ്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി നൂറുകണക്കിന് സിനിമകളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. 'മീശമാധവൻ', 'ഉസ്താദ് ഹോട്ടൽ', 'ഓർഡിനറി', 'റ്റു കൺട്രീസ്', 'ബാഹുബലി' എന്നിവയെല്ലാം സമീപകാലത്ത് തിയേറ്ററിന് ഏറെ കളക്ഷൻ നേടി കൊടുത്ത ചിത്രങ്ങളാണ്.
1968 ആഗസ്റ്റ് 28ന് ബോളിവുഡ്‌താരം ദിലീപ് കുമാറായിരുന്നു തിയേറ്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പ്രേം നസീർ,സൈറ ബാനു, സഞ്ജയ് ഖാൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us