Manok K. Jayan Starrer An International Local Story Movie Review: നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ മനസ്സറിഞ്ഞു ചിരിപ്പിക്കുകയും ഹൃദയസ്പർശിയായ അഭിനയമുഹൂർത്തങ്ങളിലൂടെ കണ്ണു നനയിപ്പിക്കുകയുമൊക്കെ ചെയ്ത നടൻ ഹരീശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’ ഇന്ന് റിലീസിനെത്തി. നിരവധിയേറെ കഥാപാത്രങ്ങളും ഉത്സവപ്രതീതി ഉണ്ടാക്കാനുള്ളത്രയും താരസാന്നിധ്യവുമൊക്കെ ഉണ്ടെങ്കിലും ചിരിക്കാനോ ചിന്തിക്കാനോ കരയിപ്പിക്കാനോ ഒന്നും തന്നെ സമ്മാനിക്കാതെ, വിരസത പകർന്ന് പ്രേക്ഷകരെ നിരാശരാക്കുകയാണ് ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’.

മലേഷ്യയിലാണ് ചിത്രം ആരംഭിക്കുന്നത്. സ്റ്റൈലിഷ് ആയ തുടക്കമാണ് ചിത്രത്തിന്റേത്. മലേഷ്യയിൽ നല്ല രീതിയിൽ ബിസിനസ്സ് ചെയ്യുന്ന മാധവൻ നായരെ (നന്ദു) കാർല എന്ന ഗുണ്ട പിന്തുടരുകയാണ്. കാർലയെ ഭയന്ന് കയ്യിലുള്ള സമ്പാദ്യങ്ങളെല്ലാം കൊടുത്ത് 50 കോടിയോളം വില വരുന്ന ഡയമണ്ട് സ്വന്തമാക്കി മലേഷ്യയിലെ ബിസിനസ്സുകൾക്കെല്ലാം സലാം പറഞ്ഞ് സ്വസ്ഥമായ ജീവിതം നയിക്കാൻ മാധവൻ നായർ നാട്ടിലേക്കു വരികയാണ്.

നാട്ടിലെത്തിയിട്ടും കയ്യിലുള്ള അമൂല്യമായ ആ സമ്പാദ്യം തന്നെ അയാളെ അസ്വസ്ഥനാക്കുകയും ഉറക്കം കെടുത്തുകയും ചെയ്യുന്നു. ഉറക്കമില്ലാത്ത ആ രാത്രി തന്നെയാണ് തലയിൽ തേങ്ങ വീണ് മാധവൻനായരുടെ ഓർമ്മ പോവുന്നത്. പോയ ഓർമ്മയ്ക്കൊപ്പം കാലവുമൊഴുകുമ്പോൾ മാധവൻനായരുടെ മക്കൾ വളരുകയും അന്നാട്ടിലെ വലിയ ഫിനാൻസ്കാരായി മാറുകയുമൊക്കെ ചെയ്യുന്നുണ്ട്. അച്ഛന് ഓർമ്മ തിരിച്ചുകിട്ടി അമൂല്യമായ ആ ഡയമണ്ട് എവിടെയാണ് അച്ഛൻ ഒളിപ്പിച്ചുവച്ചതെന്ന രഹസ്യം അറിയുക എന്നതാണ് മക്കളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കാര്യം.​

Read more: ഒരു ‘ഇന്റർനാഷണൽ’ പിറന്നാൾ; ലൊക്കേഷനിൽ ജന്മദിനമാഘോഷിച്ച് ഹരിശ്രീ അശോകൻ

അതിനിടയിൽ പുതുപ്പിൽ മാധവൻനായരുടെ മക്കളുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളും നാട്ടിലൊരു ചെറിയ ലൈറ്റ് ആൻഡ് സൗണ്ട് കട നടത്തുന്ന കട്ട ലോക്കലായ നാലഞ്ചു ചെറുപ്പക്കാരുടെയും അവരുടെ സുഹൃത്തായ ഡോക്ടർ രാഹുലിന്റെയും (രാഹുൽ മാധവ്) ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.

തുടക്കത്തിലെ ഇംപ്രഷൻ നിലനിർത്താനാവാതെ ആദ്യ പകുതിയിൽ തന്നെ ചിത്രം പരാജയപ്പെടുകയാണ്. കഥയിലും ട്രീറ്റ്മെന്റിലുമൊക്കെയുള്ള ഫോക്കസ് ഇല്ലായ്മയാണ് ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’യെ വിരസമാക്കുന്നത്. കഥകളും ഉപകഥകളും നിരവധിയേറെ കഥാപാത്രങ്ങളുമൊക്കെയായി രണ്ടാംപകുതി ബഹളമയമാകുന്നതോടെ കാഴ്ചക്കാർക്കും ഫോക്കസ് നഷ്ടപ്പെട്ടേക്കാം.

രാഹുല്‍ മാധവും സുരഭി സന്തോഷുമാണ് നായികാനായകന്മാർ. മനോജ് കെ ജയന്‍, നന്ദു, സുരേഷ് കൃഷ്ണ, കുഞ്ചന്‍, ജാഫര്‍ ഇടുക്കി, ടിനി ടോം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ദീപക് പറബോൽ, കലാഭവൻ ഷാജോൺ, ബിജുക്കുട്ടൻ, മാല പാർവതി, ബൈജു, അബുസലീം, മണിക്കുട്ടൻ, ഇന്നസെന്റ്, സലീം കുമാർ, കൊളപ്പുള്ളി ലീല എന്നുതുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ ഉണ്ടായിട്ടും ആരുടെ കഥാപാത്രത്തിനും പ്രേക്ഷകരുടെ ഇഷ്ടം നേടാൻ കഴിയുന്നില്ലെന്നതാണ് ദൗർഭാഗ്യകരം. ഉപരിവിപ്ലവമായി മാത്രം പറഞ്ഞുപോവുന്ന കഥയ്ക്കിടെ ഉണ്ടാകുന്ന സംഭവവികാസങ്ങളെയെല്ലാം ശുഭപര്യവസാനിയാക്കി മാറ്റാനുള്ള തന്ത്രപ്പാടാണ് ക്ലൈമാക്സിലേക്ക് നയിക്കുന്നത്.

ക്ലീഷേ എന്ന വാക്കുപോലും വല്ലാതെ ക്ലീഷേ ആയി കൊണ്ടിരിക്കുന്ന ഒരു കാലത്ത് ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’ പ്രേക്ഷകന് സമ്മാനിക്കുന്ന ദൃശ്യാനുഭവത്തെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല. മലേഷ്യയിൽ നിന്നും ഇന്റർനാഷണലായി, സ്റ്റൈലിഷ് ആയി ‘ടേക്ക് ഓഫ്’ ചെയ്ത സിനിമ തനി ‘ലോക്കലും’ പരിതാപകരവുമായ ഒരു റൺവേയിലാണ് ലാൻഡ് ചെയ്യുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ