വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ നേടിയ അഭിനേത്രിയാണ് കല്യാണി പ്രിയദർശൻ. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. മരക്കാർ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി, ഹൃദയം, തല്ലുമാല എന്നിവയാണ് കല്യാണിയുടെ ശ്രദ്ധേയമായ മലയാളചിത്രങ്ങൾ.
കല്യാണി അഭിനയിച്ച മലയാളചിത്രങ്ങളിലെ വേഷങ്ങളെ കുറിച്ച് ഷഹീൻ എന്ന സിനിമാസ്വാദകൻ പങ്കുവച്ച രസകരമായ ചില കണ്ടെത്തലുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കല്യാണിയും മലയാള സിനിമയിലെ കല്യാണിയുടെ കല്യാണപ്രശ്നങ്ങളുമാണ് ഷഹീൻ കുറിപ്പിൽ പങ്കുവയ്ക്കുന്നത്.
കല്യാണിയും മലയാള സിനിമയിലെ കല്യാണിയുടെ കല്യാണപ്രശ്നങ്ങളും
“വരനെ ആവശ്യമുണ്ട്
ചിത്രത്തിൽ കല്യാണി തനിക്കായി വരനെ തിരയുന്നു. ഒരാളുമായി പിരിയുന്നു. ഒടുവിൽ മറ്റൊരാളെ കണ്ടെത്തുന്നു. ഒപ്പം, ഡേറ്റിന് പോവാൻ അമ്മയെ സഹായിക്കുന്നു.
മരക്കാർ
ഒരു പയ്യനുമായി വിവാഹനിശ്ചയം നടത്തി. അതേ രാത്രിയിൽ അവൾ മരിക്കുന്നു.
ബ്രോ ഡാഡി
ഒരാളുമായി പ്രണയത്തിലാവുന്നു. ഗർഭിണിയാണെന്നറിയുമ്പോൾ വിവാഹമാലോചിക്കുന്നു.
ഹൃദയം
ഒരാളെ പ്രണയിച്ചു വിവാഹം കഴിക്കുന്നു. ഭർത്താവിന്റെ മുൻകാല പ്രണയിനി ഇടയ്ക്കൊക്കെ തലവേദനയാവുന്നു.
തല്ലുമാല
പ്രണയത്തിലായ ഒരാളുമായി വിവാഹനിശ്ചയം നടന്നു. വിവാഹം കഴിക്കാൻ ശ്രമിക്കുന്നു. അപ്രതീക്ഷിത സംഭവങ്ങൾ കാരണം പലതവണ വിവാഹം മുടങ്ങുന്നു,”
ഇങ്ങനെ പോവുന്നു ഷഹീന്റെ രസകരമായ കണ്ടെത്തലുകൾ. Unsquared എന്ന തന്റെ ബ്ലോഗിലും എം3ഡിബി ഗ്രൂപ്പിലും (മലയാളം മൂവി മ്യൂസിക് ഡാറ്റ ബേസ് ) പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
‘എന്നിട്ടും പേര് കല്യാണി’, ‘എല്ലാ പടത്തിലും പടമാകുന്ന സന്തോഷ് കീഴാറ്റൂരിനെ വെച്ചു നോക്കുമ്പോൾ ഇതൊക്കെയെന്ത്’ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.