” ഞങ്ങള്‍ക്ക് അധികാരമില്ല ”
” നിങ്ങള്‍ക്ക് ഞങ്ങള്‍ അധികാരം തരാം? ” തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടി നേതാക്കളോട് ഒരു പെണ്‍കുട്ടി പറഞ്ഞു.

ആദര്‍ശം മാത്രം കൈമുതലാക്കികൊണ്ട് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ തലസ്ഥാനത്ത് അധികാരത്തിലേറിയ കരുത്തിന്‍റെ കഥയാണ് ‘ആന്‍ ഇന്‍സിഗ്നിഫിക്കന്റ് മാന്‍’.

ഖുശ്ബൂ രാങ്കയും വിനയ് ശുക്ലയും ചേര്‍ന്ന് സംവിധാനം ചെയ്ത ഈ ചലച്ചിത്രം ഒരുങ്ങുന്നത് 2013ലെ ഡല്‍ഹി തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ്. അഴിമതിയില്‍ മൂടിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കേജ്‌രിവാളും നടത്തിയ രാഷ്ട്രീയ മുന്നേറ്റത്തിന്‍റെ കഥയാണ് ഈ ചിത്രം. അരവിന്ദ് കേജ്‌രിവാള്‍, യോഗേന്ദ്ര യാദവ്, ഷീല ദീക്ഷിത് തുടങ്ങിയ യഥാർഥ രാഷ്ട്രീയക്കാരെ പകര്‍ത്തിക്കൊണ്ട് തീര്‍ത്ത ഈ നോണ്‍ ഫിക്ഷന്‍ ചിത്രം ഇന്ത്യയില്‍ അത്തരത്തില്‍ ആദ്യത്തേത് തന്നെ.

പൂര്‍ണമായും ജനങ്ങളില്‍ ‘സണ്ടേന്‍സി’ല്‍ നിന്നുമുള്ള ധനസഹായവും ജനങ്ങളില്‍ നിന്നും പിരിച്ച ഫണ്ടും ഉപയോഗിച്ച് നിര്‍മിച്ച ചിത്രത്തിന്‍റെ പ്രധാന നിര്‍മാതാവ് ‘ഷിപ്പ് ഓഫ് തീയൂസിലൂടെ’ ശ്രദ്ധേയനായ ആനന്ദ് ഗാന്ധിയാണ്.

ഇതിനോടകം തന്നെ പല അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും പുരസ്കാരങ്ങള്‍ വാരികൂട്ടിയ ചിത്രം നവംബര്‍ പതിനേഴിനാണ് തിയേറ്ററുകളില്‍ എത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook