അമ്മയായതിനു ശേഷമുള്ള ജീവിതം ആഘോഷിക്കുകയാണ് നടി എമി ജാക്സൺ. മകൻ ആൻഡ്രിയാസിനൊപ്പമുള്ള ഓരോ നിമിഷവും എമിക്ക് സന്തോഷമാണ്. കഴിഞ്ഞദിവസം ആൻഡ്രിയാസിന്റെ പിറന്നാളായിരുന്നു. പിറന്നാൾ എന്നു പറയുമ്പോൾ ജനിച്ച് ഒരു മാസം തികയുന്ന ദിവസം. എമിക്ക് അതും ആഘോഷമാണ്. ആൻഡ്രിയാസിന് പിറന്നാൾ ഗാനം പാടിക്കൊടുക്കുന്ന വീഡിയോ എമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

“എന്റെ പ്രിയപ്പെട്ട മകനേ, ജന്മദിനാശംസകൾ. ഇന്ന് ഒരു മാസം. നിനക്ക് മുമ്പുള്ള ജീവിതം എനിക്ക് ഓർമിക്കാൻ പോലും കഴിയുന്നില്ല … എനിക്ക് വിവരിക്കാൻ കഴിയാത്ത വിധത്തിൽ നീയെന്നെ പൂർണയാക്കി. നിനക്കൊപ്പം ചെലവഴിക്കുന്ന ഓരോ സെക്കൻഡിനും ഞാൻ കടപ്പെട്ടവളാണ്. നിന്നോടുള്ള എന്റെ സ്നേഹം അനന്തമാണ്. നീ ശക്തനും ദയയും കരുതലും ഉള്ള ഒരു ചെറുപ്പക്കാരനായി വളരുന്നത് കാണാൻ കാത്തിരിക്കുകയാണ് ഞാൻ. എന്റെ ഗർഭാവസ്ഥയിലുടനീളം നിരന്തരമായ പിന്തുണയ്ക്കും ജനനത്തെ തന്നെ അതിശയകരമായ ഒരു അനുഭവമാക്കി മാറ്റിയതിനും എന്റെ പ്രിയപ്പെട്ട ഡോക്ടർക്ക് നന്ദി,” വീഡിയോ പങ്കുവച്ചുകൊണ്ട് എമി കുറിച്ചു.

മാതൃദിനത്തിലാണ് അമ്മയാകുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ എമി ജാക്സൺ അറിയിച്ചത്. കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്താണ് എമി ഇക്കാര്യം പറഞ്ഞത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് അമ്മയാകുന്നുവെന്ന വാര്‍ത്ത എമി അറിയിച്ചത്.

എമിയും ജോർജും 2015 മുതൽ പ്രണയത്തിലാണ്. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോർജിനൊപ്പമുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എമി ജാക്സൺ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ജോർജുമായുള്ള ചിത്രം പങ്കുവച്ച് എമി പ്രണയം പുറംലോകത്തെ അറിയിച്ചത്. ബ്രിട്ടനിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആൻഡ്രിയാസ് പനയ്‌യോട്ടിന്റെ മകനാണ് ജോർജ്. ബ്രിട്ടനിലെ പല ആഡംബര ഹോട്ടലുകളും പനയ്‌യോട്ട് ഗ്രൂപ്പിന്റേതാണ്.

രജനീകാന്ത് നായകനായ 2.0 യിലാണ് എമി ജാക്സൺ അവസാനമായി അഭിനയിച്ചത്. 2011 ൽ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്സൺ സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഹോളിവുഡിൽ സൂപ്പർഗേൾ എന്ന സിനിമയിലും അഭിനയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook